ബീജിംഗ്:ചന്ദ്രോപരിതലത്തിൽ ചൈന മുളപ്പിച്ച പരുത്തി തൈകൾ കൊടും ശൈത്യം
താങ്ങാനാവാതെ ഒറ്റരാത്രി കൊണ്ട് കരിഞ്ഞുപോയി.
ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ചൈനീസ് പേടകത്തിലെ പ്രത്യേക പാത്രത്തിൽ പരുത്തി മുളച്ചു നിൽക്കുന്നതിന്റെ ചിത്രം ചൈന പുറത്തു വിട്ടിരുന്നു. ഈ മാസം 12ന് പകർത്തിയതായിരുന്നു ചിത്രം. അന്നേദിവസം രാത്രിയിലെ -170 ഡിഗ്രി സെൽഷ്യസ് വരെ എത്തിയ അതിശൈത്യം അതിജീവിക്കാൻ പരുത്തിത്തൈക്കായില്ല. അതോടെ ചന്ദ്രനിൽ മുളപൊട്ടിയ 'ആദ്യ ജീവന്' അകാല അന്ത്യമായി.
ഭാവിയിൽ അന്യഗ്രഹങ്ങളിൽ ബഹിരാകാശ ഗവേഷകർക്കുള്ള ഭക്ഷണം കൃഷിചെയ്തുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈന ചന്ദ്രനിൽ സസ്യങ്ങൾ മുളപ്പിക്കാൻ പരീക്ഷണം നടത്തിയത്.
അടുത്തിടെ ചന്ദ്രന്റെ ഇരുണ്ട വശത്ത് ഇറങ്ങിയ ചാങ്-4 വാഹനത്തിലാണ് വിത്തുകൾ എത്തിച്ചത്. മണ്ണു നിറച്ച ലോഹ പാത്രത്തിൽ പരുത്തിയുടേയും ഉരുളക്കിഴങ്ങിന്റേയും ക്രെസ് എന്ന പേരുള്ള ഒരിനം ചീരയുടേയും വിത്തുകളും ഒപ്പം യീസ്റ്റും പട്ടുനൂൽ പുഴുവിന്റെ മുട്ടകളും വെച്ചാണ് ചന്ദ്രനിലെത്തിച്ചത്. മൂൺ സർഫസ് മൈക്രോ-ഇക്കോളജിക്കൽ സർക്കിൾ എന്നാണ് ഈ ഉപകരണത്തെ വിളിക്കുന്നത്.
വിത്തുകളെ ഉയർന്ന മർദ്ദത്തിലുടെയും വ്യത്യസ്ത താപനിലയിലൂടെയും ശക്തമായ റേഡിയേഷനിലൂടെയും കടത്തിവിട്ടായിരുന്നു പരീക്ഷണം.
ആദ്യമായി മുളപ്പിച്ച സസ്യത്തിന് ഒറ്റരാത്രിയിൽ കൂടുതൽ ആയുസുണ്ടാവില്ലെന്നത് പ്രതീക്ഷിച്ചതാണെന്ന് ഗവേഷകർ പറഞ്ഞു. ചന്ദ്രനിലെ രാത്രി മറികടക്കാൻ ജീവനാവില്ലെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന ചോങ് ക്വിങ് സർവകലാശാലയിലെ പ്രൊഫസർ ഷി ജെങ്ക്‌സിൻ പറഞ്ഞു.
അതേസമയം, നൂറു ദിവസങ്ങൾക്കകം ചന്ദ്രനിൽ ഉരുളക്കിഴങ്ങും മറ്റ് വിത്തുകളും മുളപ്പിക്കാൻ സാധിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. പട്ടുനൂൽ പുഴുവിന്റെ മുട്ടയും രൂപാന്തരം പ്രാപിക്കുന്നുണ്ടെന്നാണ് സൂചന.അത് വിരിഞ്ഞാൽ സസ്യത്തിന് പുറമേ ഒരു ഒരു പ്രാണിയും ചന്ദ്രനിൽ ജീവൻ വച്ചു എന്ന ചരിത്രവും കുറിക്കും
ചന്ദ്രനിലെ താപനിലയിൽ സസ്യങ്ങൾ വളർത്തുക പ്രയാസമാണെന്ന് വ്യക്തമായി. പകൽ 100 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂടും രാത്രിയിൽ മൈനസ് 100 ഡിഗ്രി സെൽഷ്യസിൽ താഴെ തണുപ്പുമാണ്.