തുണിക്കടകളുടെയെല്ലാം പുറത്ത് കാണുന്ന ഡിസ്പ്ലേ വസ്ത്രങ്ങളാണ് പലപ്പോഴും നമ്മളെ ആ കടയിലേക്ക് ആകർഷിക്കുന്നത്. ആകാര വടിവുള്ള പ്രതിമയിൽ അണിയിക്കുന്ന വസ്ത്രങ്ങളേ നമ്മളിതുവരെ കണ്ടിട്ടുള്ളു. എന്നാൽ ഇംഗ്ലണ്ടിലെ ഒരു ബ്രൈഡൽ ഷോപ്പിന് മുന്നിൽ ചെന്നാൽ കാണുക വീൽചെയറിൽ ഇരിക്കുന്ന വിവാഹ വസ്ത്രമാണ്.
ബ്രിസ്റ്റോളിലുള്ള ഒരു ഡിസൈനറുടെ ബ്രൈഡൽ ഷോപ്പാണിത്. മനോഹരമായി അലങ്കരിച്ച വീൽചെയറിൽ ക്രിസ്തീയ ആചാരപ്രകാരമുള്ള വെള്ള വിവാഹ വസ്ത്രം പ്രദർശിപ്പിച്ചിരിക്കുന്നു. 36കാരിയായ ബെത് വിൽസൺ ആണ് ഈ വസ്ത്രം ഡിസൈൻ ചെയ്തത്. ഇങ്ങനെയൊരു ആശയത്തിന് പിന്നിൽ വിൽസണ് പ്രത്യേക കാരണങ്ങളുണ്ട്. കഴിഞ്ഞ അഞ്ച് വർഷങ്ങളായി വിൽസന്റെ ജീവിതവും വീൽചെയറിലാണ്.
ഈ വസ്ത്രങ്ങളെല്ലാം ഡിസൈൻ ചെയ്യുന്നതും അങ്ങനെയാണ്. അംഗവൈകല്യമുള്ളവർക്ക് വേണ്ടി ഈ വസ്ത്രം തയാറാക്കി അത് പ്രദർശിപ്പിക്കുമ്പോൾ ഞാൻ തികച്ചും സന്തോഷവതിയാണ്. കാരണം അംഗവൈകല്യമുള്ളവർ എപ്പോഴും അദൃശ്യർ കൂടിയായിരിക്കും. നടക്കാൻ കഴിയുന്നവരുടെ ലോകത്തിൽ അവർ അംഗീകരിക്കപ്പെടുക എന്നത് വലിയ കാര്യമാണ്- വിൽസൺ പറയുന്നു.