ന്യൂഡൽഹി: പന്നിപ്പനി ബാധിച്ച് ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായെ പരിഹസിച്ച് കോൺഗ്രസ് നേതാവും എം.പിയുമായ ബി.കെ.ഹരിപ്രസാദ് രംഗത്ത്. കർണാടകയിൽ നടന്ന രാഷ്ട്രീയ സംഭവ വികാസങ്ങളിൽ വെപ്രാളപ്പെട്ടതിനെ തുടർന്നാണ് അമിത് ഷായ്ക്ക് വൈറസ് പിടിപെട്ടതെന്ന് ഹരിപ്രസാദ് പറഞ്ഞു. അദ്ദേഹത്തിന്റെ ശരീരത്തിൽ പിടികൂടിയത് സാധാരണ പനിയല്ലെന്നും അത് പന്നിപ്പനിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടക സർക്കാരിനെ വളഞ്ഞ വഴിയിലൂടെ താഴെയിറക്കാൻ ശ്രമിച്ച ബി.ജെ.പിയുടെ ശ്രമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോൺഗ്രസ് എം.പിയുടെ പരിഹാസം. കർണാടകയിലെ സർക്കാരിനെ താഴെയിറക്കാൻ അമിത് ഷാ ഇനിയും കളിച്ചാൽ അദ്ദേഹത്തിന് അടുത്തതായി പിടികൂടുന്നത് വയറുവേദനയായിരിക്കുമെന്നും ഹരിപ്രസാദ് പരിഹാസരൂപേണ പറഞ്ഞു. കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമാണ് ഹരിപ്രസാദ്.
കർണാടകയിൽ ബി.ജെ.പി നടത്താനിരുന്ന കുതിരക്കച്ചവടം കോൺഗ്രസ് നേതൃത്വം പൊളിച്ചിരുന്നു. തങ്ങളുടെ എം.എൽ.എമാരെ വശത്താക്കാൻ ബി.ജെ.പി ശ്രമിച്ച മാതൃകയിൽ തന്നെ കോൺഗ്രസ് -ജെ.ഡി.എസ് സഖ്യവും തന്ത്രങ്ങൾ മെനഞ്ഞു. വിമത എം.എൽ.എമാർക്ക് മന്ത്രിസ്ഥാനം വാഗ്‌ദ്ധാന നൽകിയായിരുന്നു കോൺഗ്രസ് ബി.ജെ.പിയുടെ പദ്ധതി പൊളിച്ചത്.
ഇന്നലെയായിരുന്നു ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായെ പനിയെ തുടർന്ന് എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമിത് ഷായ്ക്ക് എച്ച് 1 എൻ 1 പനി ബാധിച്ചതായാണ് സ്ഥിരീകരണം. ഇക്കാര്യം അദ്ദേഹം തന്നെ ട്വിറ്ററിലൂടെ വ്യക്തമാക്കുകയായിരുന്നു. സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ചൊവ്വാഴ്ച അഹമ്മദാബാദിലെ ജഗന്നാഥ ക്ഷേത്രത്തിൽ സന്ദർശനം നടത്തവേയാണ് അമിത് ഷായ്ക്ക് സുഖമില്ലാതായത്. നെഞ്ചിലെ അസ്വസ്ഥത, ശ്വാസതടസം എന്നിവ അനുഭവപ്പെട്ടതിനാൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം അമിത് ഷായുടെ ആരോഗ്യനില പരിശോധിച്ചു വരികയാണ്. പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അമിത് ഷാ പങ്കെടുക്കുന്ന റാലികൾ ബി.ജെ.പി നടത്താൻ തീരുമാനിച്ചിരുന്നു. ജനുവരി 20ന് ആദ്യ റാലി നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മെഗാ ഷോയ്ക്ക് പിന്നാലെ അമിത് ഷായുടെ റാലി നടത്താനായിരുന്നു നീക്കം.