കടിച്ചുപറിക്കാൻ പല്ലിന് ബലം പോരെങ്കിൽ ആഹാരസാധനങ്ങൾ നന്നായി വേവിക്കാനായിരിക്കും സാധാരണ ലഭിക്കുന്ന ഉപദേശം. എന്നാൽ മാംസം കടിച്ചുപറിക്കാൻ പല്ലിന് മൂർച്ച കൂട്ടുന്ന ഒരു വിഭാഗവുമുണ്ട് ലോകത്ത്. ഇൻഡോനേഷ്യയിലെ സുമാത്രാ ദ്വീപിലെ മെന്റാവായ് ഗോത്രവിഭാഗമാണ് പല്ലുകളുടെ മൂർച്ച കൂട്ടുന്നത്.
അത്ര എളുപ്പമുള്ള കാര്യമല്ലിത്. ഉളിയും തടിക്കഷ്ണവുമൊക്കെ ഉപയോഗിച്ച് ചെത്തിയെടുക്കുമ്പോൾ പലരും നിലവിളിച്ചുപോകും. പല്ലുകൾ പൊട്ടിച്ചും, രാകിയുമാണ് മൂർച്ചവരുത്തുന്നത്. ഇങ്ങനെ ചെത്തിയൊരുക്കാൻ പ്രത്യേക പരിശീലനം സിദ്ധിച്ച പരമ്പരാഗത തൊഴിലാളികൾ തന്നെയുണ്ട് ഇവർക്കിടയിൽ. സ്ത്രീകളും പുരുഷന്മാരും ഇക്കാര്യത്തിൽ ഒരുപോലെയാണ്.
കടിച്ചുപറിക്കാനുള്ള മൂർച്ചയ്ക്കൊപ്പം ഇവർക്കിടയിൽ സൗന്ദര്യത്തിന്റെ അടയാളം കൂടിയാണ് ഈ പല്ലുകൾ. ഇങ്ങനെ മൂർച്ച വരുത്താത്തവരുടെ വിവാഹം നടക്കുക പ്രയാസമായിരിക്കുമെന്നും പറയുന്നുണ്ട്. ചെത്തിയൊരുക്കുന്ന പല്ലുകൾക്കിടയിൽ അണുബാധയുണ്ടായി അസുഖങ്ങൾ പിടിക്കുന്നത് സാധാരണമാണെങ്കിലും യുവാക്കൾക്കിടയിൽ ഈ ഫാഷൻ മുറിഞ്ഞുപോയിട്ടില്ല.നായാട്ടും മീൻപിടുത്തവുമാണ് മെന്റാവായ് ഗോത്രവിഭാഗത്തിന്റെ പ്രധാന തൊഴിൽ.