nandagopal-marar

ലാലേട്ടന്റെ എക്കാലത്തെയും മികച്ച ഹിറ്റ് സിനിമകളിലൊന്നാണ് നരസിംഹം. ഓരോ മലയാളിയുടെയും നാവിൻതുമ്പിൽ 'നീ പോ മോനേ ദിനേശാ' എന്ന പഞ്ച് ഡയലോഗ് ഇപ്പോഴും തങ്ങിനിൽക്കുന്നത് അതിന്റെ ഉദാഹരണമാണ്. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ ചിത്രം മലയാളത്തിലെയും ഏറ്റവും വലിയ ഹിറ്റുകളിലൊന്നുമായിരുന്നു. എന്നാൽ സിനിമയിൽ നായകനോടൊപ്പം കൈയ്യടി നേടിയ കഥാപാത്രമാണ് മമ്മൂട്ടിയുടെ നന്ദഗോപാൽ മാരാർ എന്ന അഭിഭാഷകനും. ഈ കഥാപാത്രത്തിലേക്ക് മമ്മൂട്ടി എങ്ങനെ എത്തിയെന്ന വെളിപ്പെടുത്തലുമായി ചിത്രം റിലീസ് ചെയ്‌ത് 18 വർഷങ്ങൾക്ക് ശേഷം സംവിധായകൻ ഷാജി കൈലാസ് രംഗത്തെത്തി.

നരസിംഹത്തിന്റെ രണ്ടാം പകുതിയിലാണ് അഡ‌്വ.നന്ദഗോപാൽ മാരാർ എന്ന അഭിഭാഷകന്റെ കഥാപാത്രം എത്തുന്നത്. ഇതിലേക്ക് സുരേഷ് ഗോപി അടക്കം പലതാരങ്ങളെയും പരിഗണിച്ചിരുന്നു. ഒടുവിലാണ് മമ്മൂട്ടിയിലേക്ക് എത്തുന്നത്. ഇക്കാര്യം മമ്മൂട്ടിയോട് പറഞ്ഞപ്പോൾ ഈ കഥാപാത്രം ചെയ്‌താൽ എനിക്കെന്ത് തരുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. ഒരു പടം ചെയ്‌ത് തരാമെന്നായിരുന്നു ഷാജി കൈലാസിന്റെ മറുപടി. പിന്നീട് വല്യേട്ടൻ എന്ന സിനിമയിലൂടെ മമ്മൂട്ടിക്ക് ഈ കടം വീട്ടിയതെന്നും ഷാജി കൈലാസ് പറഞ്ഞു. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷാജി കൈലാസ് ഇക്കാര്യം വ്യക്തമാക്കിയത്.