നയ്റോബി: കെനിയയുടെ തലസ്ഥാനമായ നയ്റോബിയിലെ ആഡംബര ഹോട്ടലിൽ നടന്ന ഭീകരാക്രമണത്തിൽ നാലു വിദേശികൾ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു. മുപ്പതിലേറെ പേർക്ക് പരിക്കേറ്റു. 19പേരെ കാണാതായതായി റെഡ്ക്രോസ് വെളിപ്പെടുത്തി. അൽ ക്വ ഇദയുമായി ബന്ധമുള്ള സൊമാലിയയിലെ ഇസ്ലാമിക് ഭീകരസംഘടനയായ അൽ ഷബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാരും ഒരു യു.എസ്. പൗരനും ഒരു ബ്രിട്ടീഷ് പൗരനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ചൊവ്വാഴ്ച ഉച്ചയോടെ നയ്റോബിയിലെ വെസ്റ്റ്‌ലാൻഡ്സ് ജില്ലയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഡസിറ്റ് ഡി ടുവിന്റെ ബിസിനസ് കോംപ്ളെക്സിലേക്ക് നാലുഭീകരർ ഇരച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. ഹോട്ടലിന്റെ ലോബിയിൽ ഒരാൾ ചാവേറായി പൊട്ടിത്തെറിച്ചെന്ന് പൊലീസ് പറഞ്ഞു. ഹോട്ടലിൽ കഴിഞ്ഞവരെ ഭീകരർ 20 മണിക്കൂറുകളോളം ബന്ദികളാക്കി. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ 700 പേരെ പൊലീസ് രക്ഷപ്പെടുത്തി. സ്ഫോടനത്തിൽ കാർപാർക്കിലുണ്ടായിരുന്ന നിരവധി വാഹനങ്ങൾക്ക‌് തീപിടിച്ചു. 101 മുറികളുള്ള ഹോട്ടൽ സമുച്ചയത്തിൽ നിരവധി റസ‌്റ്റോറന്റുകളും സ്പായുമുണ്ട‌്. ആക്രമണത്തെ തുടർന്ന‌് ആളുകൾ പുറത്തേക്കോടി സമീപത്തെ കെട്ടിടങ്ങളിൽ അഭയംതേടി.
ഏറ്റുമുട്ടലിൽ എല്ലാ ഭീകരരെയും വധിച്ചതായും കെനിയൻ പ്രസിഡന്റ് ഉഹുറു കെനിയാറ്റ പറഞ്ഞു.
2011 ൽ ഭീകരരെ നേരിടാൻ സൊമാലിയയിലേക്കു സൈന്യത്തെ അയച്ചതു മുതൽ കെനിയക്കെതിരെ അൽ ഷബാബ് ആക്രമണം നടത്തി വരികയാണ്. 2013 ൽ വെസ്റ്റ്ഗേറ്റ് ഷോപ്പിംഗ് കേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ 67 പേർ കൊല്ലപ്പെട്ടിരുന്നു.
ലോകത്തെ നടുക്കിയ 2001 സെപ്റ്റംബറിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട യു.എസ് പൗരനായ ജെയ്‌സൻ സ്പിണ്ട്‌ലർ എന്ന യുവാവാണ് കെനിയയിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 14 പേരിലൊരാൾ.ഐ-ഡേവ് ഇന്റർനാഷണലിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായിരുന്നു.