കൊച്ചി: പാലക്കാട് ഒറ്റപ്പാലത്തെ ഡിഫൻസ് പാർക്കും കണ്ണൂരിലെ ഏവിയേഷൻ ഹബ്ബും വരുന്നതോടെ കേരളത്തിലേക്ക് വൻതോതിൽ നിക്ഷേപമെത്തുമെന്നും പ്രതിരോധ ഉത്‌പാദനത്തിന്റെ കേന്ദ്രമായി കേരളം മാറുമെന്നും മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. വ്യവസായ വകുപ്പ്, കേരള ബ്യൂറോ ഒഫ് ഇൻഡസ്‌ട്രിയൽ പ്രമോഷൻ, ഫിക്കി എന്നിവ സംയുക്തമായി കൊച്ചിയിൽ സംഘടിപ്പിച്ച കേരള ഡിഫൻസ് ആൻഡ് എയറോസ്‌പേസ് കോൺക്ളേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിഫൻസ് സ്‌റ്രാർട്ടപ്പുകൾ, എം.എസ്.എം.ഇകൾ എന്നിവയിലൂടെയും സിംഗിൾ വിൻഡോ ക്ളിയറൻസ് സംവിധാനമായ കെ സ്വിഫ്‌റ്രിലൂടെയും ബിസിനസ് സൗഹൃദാന്തരീക്ഷം വളർത്തി പ്രതിരോധ വ്യവസായ വികസനത്തിന് കേരളം പ്രാധാന്യം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ മുഖ്യപ്രഭാഷണം നടത്തി. ഫിക്കി അസിസ്‌റ്റന്റ് സെക്രട്ടറി ജനറൽ വിവേക് പണ്ഡിറ്ര് സമ്മേളനത്തിൽ മോഡറേറ്ററായിരുന്നു. ഫിക്കി നാഷണൽ ഡിഫൻസ് കമ്മിറ്റി അംഗം മോഹൻ നായർ, കെ-ബിപ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഡോ.കെ. ബിജു, ഫിക്കി കേരള കോ-ചെയർമാൻ ദീപക് എൽ. അസ്വാനി തുടങ്ങിയവർ സംസാരിച്ചു.