ബംഗളൂരു ∙ എം.എൽ.എമാരെ വശത്താക്കി കർണാടകയിലെ കോൺഗ്രസ് – ദൾ സർക്കാരിനെ അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ 'ഓപ്പറേഷൻ താമര' പൊളിഞ്ഞു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അണിയറയിൽ ചുക്കാൻ പിടിച്ച കോൺഗ്രസിന്റെ ഓപ്പറേഷൻ സേവ് കർണാടകയുടെ വിജയമാണിത്.
ഇതോടെ ഹരിയാന റിസോർട്ടിൽ നിന്ന് ബി.ജെ.പി കർണാടക അദ്ധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ ബംഗളുരുവിലേക്കു മടങ്ങി.
ശസ്ത്രക്രിയയെ തുടർന്ന് രോഗക്കിടക്കിയിൽ കഴിയുന്ന 112 വയസുള്ള തുംകൂരു സിദ്ധഗംഗ മഠാധിപതിയും ലിംഗായത്തുകളുടെ ആത്മീയാചാര്യനുമായ ശിവകുമാരസ്വാമിയെ സന്ദർശിക്കാനാണ് യെദിരൂപ്പ മടങ്ങിയതെന്നാണ് ഔദ്യോഗിക വിശദീകരണം. രണ്ടുദിവസം ആശ്രമത്തിൽ തങ്ങുമെന്നും വിവരമുണ്ട്. ഹരിയാന ഗുഡ്ഗാവിലെ റിസോർട്ടിൽ താമസിപ്പിച്ചിരിക്കുന്ന 104 ബി.ജെ.പി എം.എൽ.എമാും ഇന്ന് തിരിച്ചെത്തും.
ഓപ്പറേഷൻ താമരയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ യെദിയൂരപ്പ നിഷേധിച്ചു.
'എം.എൽ.എമാരെ മറുകണ്ടം ചാടിക്കാൻ ശ്രമിച്ചിട്ടില്ലെന്നും, അത്തരം നീക്കങ്ങൾ നടത്തുന്നത് മുഖ്യമന്ത്രി കുമാരസ്വാമിയാണെന്നും യെദിയൂരപ്പ ബംഗളുരുവിൽ പറഞ്ഞു.
അതേസമയം, നാളെ കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേരും. യോഗത്തിൽ പങ്കെടുക്കാൻ കർശന നിർദ്ദേശമാണ് പാർട്ടി എം.എൽ.എമാർക്ക് നൽകിയിരിക്കുന്നത്.
കോൺഗ്രസ് വിമതരായ രമേശ് ജാർക്കിഹോളി, ശ്രീമന്ത് പാട്ടിൽ, മഹേഷ് കുമത്തല്ലി, ബി.നാഗേന്ദ്ര, ഉമേഷ് ജാദവ് തുടങ്ങിയവർ ഇന്ന് പുലർച്ചെ ബംഗളൂരുവിൽ മടങ്ങിയെത്തുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. മറ്റൊരു വിമതൻ ഭീമനായക് കഴിഞ്ഞ ദിവസം തന്നെ എത്തിയിരുന്നു.
വിമതരെ അനുനയിപ്പിക്കാൻ സ്ഥാനത്യാഗത്തിന് തയ്യാറായ മന്ത്രിമാർ ഡി.കെ ശിവകുമാർ, കെ.ജെ ജോർജ്, പ്രിയങ്ക് ഖർഗെ, കൃഷ്ണ ബൈരെ ഗൗഡ, സമീർ അഹമ്മദ് ഖാൻ എന്നിവരെ ഒഴിവാക്കാൻ ഇടയില്ല. പകരം ജയമാല, പുട്ടരംഗ ഷെട്ടി, യു.ടി. ഖാദർ, ആർ.വി ദേശ്പാണ്ഡെ തുടങ്ങിയവരെ ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോർട്ട്. നിയമസഭാ കക്ഷി യോഗത്തിൽ തീരുമാനമുണ്ടാകും.
ഹരിയാനയിലെ പഞ്ചനക്ഷത്ര റിസോർട്ടിൽ 104 ബി.ജെ.പി എം.എൽ.എമാരെയും നേതാക്കളെയും നാലുദിവസം താമസിപ്പിച്ചതിന് ചെലവായത് 1.04കോടി രൂപ. ഭക്ഷണം, മറ്റ് വിനോദങ്ങൾ എന്നിവയ്ക്കുള്ള ചെലവ് വേറെ. 25,000 രൂപ ദിവസ വാടകയുള്ള 60 മുറികളാണ് ബുക്ക് ചെയ്തത്. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഒരാൾക്ക് 5000 രൂപയാണ്. സ്വിമ്മിംഗ് പൂൾ , ക്രിക്കറ്റ് മൈതാനം എന്നിവയുടെ ബിൽ വേറെയുണ്ട്.