തിരുവനന്തപുരം: ആലപ്പാട്ടെ കരിമണൽ ഖനനം നിറുത്തിവയ്ക്കില്ലെന്നും പകരംസീ വാഷിംഗ് ഒരുമാസത്തേക്ക് നിറുത്തി വയ്ക്കുമെന്ന് വ്യവസായ മന്ത്രി ഇ,.പി. ജയരാജൻ പറഞ്ഞു. ആലപ്പാട് പ്രദേശത്തെ ഖനനത്തെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും. ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് സമരസമിതിയുമായി ചർച്ച നടത്തിയെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ആലപ്പാട് നടക്കുന്ന സമരം അവസാനിപ്പിക്കണമെന്ന് ഇ.പി.ജയരാജൻ ആവശ്യപ്പെട്ടു.
എന്നാൽ സർക്കാർ ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്നും ഖനനം തുടരുമെന്നും അറിയിച്ചതിനാൽ ആലപ്പാട്ടെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.
ആലപ്പാട്ടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം സീവാഷിംഗാണ്. സീവാഷിംഗ് നിറുത്തിവയ്ക്കാൻ ഐ.ആർ. ഇയോട് ആവശ്യപ്പെടും. അതേസമയം ഇൻലാൻഡ് വാഷിംഗ് തുടരും. ഖനനം നിറുത്തിവയ്ക്കാൻ ആവശ്യപ്പെടില്ലെന്നും മന്ത്രി പറഞ്ഞു. ആലപ്പാട്ട് പഞ്ചായത്തിലെ 16 കിലോമീറ്ററോളം വരുന്ന കടൽഭിത്തി ശക്തിപ്പെടുത്താനും പുലിമുട്ടുകൾ നിർമ്മിക്കാനും ഐ.ആർ.ഇ അടിയന്തര നടപടികൾ എടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.