priya

മുംബയ്: മാണിക്യ മലരായ പൂവിയിലെ കണ്ണിറുക്കി രംഗത്തിലൂടെ പ്രശസ്തയായ പ്രിയ പ്രകാശ് വാര്യരുടെ ആദ്യ ഹിന്ദി ചിത്രം 'ശ്രീദേവി ബംഗ്ളാവ്' വിവാദത്തിൽ. ചിത്രത്തിൽ അഭിനേത്രിയായ ശ്രീദേവി എന്ന കഥാപാത്രമാണ് പ്രിയ അവതരിപ്പിക്കുന്നത്. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതകഥയാണിതെന്നാണ് പ്രചാരണം.

ചിത്രത്തിന്റെ ടീസർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ഒരു നടിയുടെ ജീവിതവും, അവസാനം ബാത്ത് ടബ്ബിലെ മരണവുമാണ് രണ്ടു മിനിറ്റുള്ള ടീസറിലുള്ളത്. ഇതേതുടർന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ ശ്രീദേവിയുടെ ഭർത്താവും നിർമ്മാതാവുമായ ബോണി കപൂർ വക്കീൽ നോട്ടീസ് അയച്ചു.

'ബോണി കപൂറിന്റെ ലീഗൽ നോട്ടീസ് വന്നിട്ടുണ്ട്. അത് ഞങ്ങൾ നേരിടും. ശ്രീദേവി എന്നതൊരു പേരാണെന്നും, എന്റെ കഥാപാത്രവും ഒരു നടിയാണെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്." ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് മാമ്പുള്ളി പറഞ്ഞു. ഇത് ശ്രീദേവിയുടെ കഥയാണോ എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണെന്നാണ് പ്രിയയുടെ പ്രതികരണം. അതീവ ഗ്ലാമറസ് ലുക്കിലാണ് പ്രിയയെ 'ശ്രീദേവി ബംഗ്ളാവിൽ' കാണുന്നത്.