gurmeet-ram-rahim-

പഞ്ച്കുല: മാദ്ധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ ആൾദൈവം ഗുർമീത് റാം റഹിമിന് പഞ്ച്കുലയിലെ പ്രത്യേക സി.ബി.ഐ കോടതി ജീവപര്യന്തം തടവ് വിധിച്ചു. 2002ൽ ഹരിയാനയിലെ പൂരാ സച്ച് പത്രത്തിലെ രാമചന്ദ്ര ഛത്രപതി കൊല്ലപ്പെട്ട കേസിലാണ് ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിംസിംഗ് ഉൾപ്പെടെ നാലുപേരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കുൽദീപ് സിംഗ്, നിർമൽ സിംഗ്,​ കൃഷ്ണൻ ലാൽ എന്നിവരാണ് മറ്റുപ്രതികൾ. നാല് പ്രതികളും 50,000 രൂപ വീതം പിഴയും അടയ്ക്കണം. റാം റഹീം അനുയായിയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച വാർത്ത പ്രസിദ്ധീകരിച്ചതിന്റെ പ്രതികാരമായിരുന്നു കൊലപാതകത്തിന് കാരണം.

കേസിൽ ഗുർമീത് റാം റഹീം സിംഗിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി. ആദ്യം പൊലീസ് അന്വേഷിച്ച കേസ് 2006ൽ സി.ബി.ഐ ഏറ്റെടുത്തു. നിലവിൽ ബലാത്സംഗക്കേസിൽ 20 വർഷം തടവ് ശിക്ഷ അനുഭവിക്കുന്ന റാം റഹീം സിംഗിനെ വീഡിയോ കോൺഫറൻസിലൂടെയാണ് രാമചന്ദ്ര വധക്കേസിൽ വിചാരണ ചെയ്തത്.