-keral

കോ​ഴി​ക്കോ​ട്: ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ മിഠായിത്തെരുവിൽ നടന്ന അക്രമം തടയുന്നതിൽ ജില്ലാ പൊലീസ് മേധാവി പരാജയമാപ്പെട്ടു എന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട സിവിൽ പൊലീസ് ഒാഫീസർക്ക് സസ്‌പെൻഷൻ. കോഴിക്കോട് ക്രെെംബ്രാഞ്ച് യൂണിറ്റിലെ ഉമേഷ് വള്ളിക്കുന്നിനെയാണ് സസ്‌പെൻഡ് ചെയ്തത്. അന്നത്തെ കമ്മീഷണറായ കാളിരാജ് മഹേഷ് കുമാറിനെതിരെയായിരുന്നു ഉമേഷിന്റെ വിമർശനം.

ശബരിമലയിൽ യുവതികൾ പ്രവേശിച്ചരിനെ തുടർന്ന് നടത്തിയ ഹർത്താലിൽ ബി.ജെ,.പി പ്രവർത്തകരുടെ നേതൃത്വത്തിൽ മിഠായിത്തെരുവിലെ കടകൾക്കെതിരെ അക്രമം നടന്നിരുന്നു. ഇതിനെത്തുടർന്ന് വ്യാപാര സംഘടനകളും വ്യാപാരികളും പൊലീസിനെതിരെ തിരിഞ്ഞിരുന്നു. സി.പി.എം എം.എൽ.എയായ വി.കെ.സി മമ്മദ് കോയയും പൊലീസിനെ ശക്തമായി വിമർശിച്ചിരുന്നു. ഇതേ തുടർ‌ന്ന് പൊലീസിന്റെ നിസ്സഹായവസ്ഥയും ജില്ലാ പൊലീസ് മേധാവിയുടെ പോരാഴ്മയും ചൂണ്ടിക്കാട്ടി പൊലീസ് ഉദ്യോഗസ്ഥൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. അക്രമം തടയുന്നതിൽ നേരിട്ട വീഴ്ചയുടെ പൂർണ്ണ ഉത്തരവാദിത്വം പോലീസ് കമ്മീഷണർക്കാണെന്ന വാദവുമായാണ് ഉദ്യോഗസ്ഥൻ രംഗത്തെത്തിയത്.

അച്ചടക്ക ലംഘനത്തിന്റെ ഭാഗമായി ഉമേഷ് വള്ളിക്കുന്നിനെ സസ്‌പെൻഡ് ചെയ്തതായി ക്രൈംബ്രാഞ്ച് എസ്.പി.പി.ബി രാജീവ് അറിയിച്ചു. ക്രെെംബ്രാഞ്ച് ഡിവെെ.എസ്.പി പി.ബിജു സ്റ്റീഫനാണ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്ത് ഉത്തരവിടുകയായിരുന്നു.