തിരുവനന്തപുരം: കേന്ദ്രത്തിലെ നരേന്ദ്രമോദി സർക്കാരിന്റെ ഭരണം അവസാനിപ്പിക്കുക, കോൺഗ്രസിന്റ അവസരവാദ നയം തുറന്നുകാട്ടുക എന്നീ മുദ്രാവാക്യങ്ങളുയർത്തി സംസ്ഥാന വ്യാപകമായി പ്രചാരണം നടത്താൻ എൽ.ഡി.എഫ് തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി ഫെബ്രുവരി രണ്ടാംവാരം എൽ.ഡി.എഫിന്റെ പ്രമുഖ നേതാക്കൾ നേതൃത്വം നൽകുന്ന രണ്ട് ജാഥകൾ പ്രചാരണം നടത്തും. തിരുവനന്തപുരത്ത് നിന്ന് തെക്കൻ മേഖലാ ജാഥയും കാസർകോട് നിന്ന് വടക്കൻ മേഖലാ ജാഥയും മാർച്ച് രണ്ടിന് തൃശൂരിൽ വൻറാലിയോടെ സമാപിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന എൽ.ഡി.എഫ് സംസ്ഥാന സമിതി യോഗമാണ് പ്രചാരണത്തിന് രൂപം നൽകിയതെന്ന് കൺവീനർ എ. വിജയരാഘവൻ അറിയിച്ചു.
സംഘപരിവാർ പ്രചാരകന്റെ ശൈലിയാണ് നരേന്ദ്രമോദിയിൽ കാണാൻ കഴിയുന്നത്. മോദിയെ അധികാരത്തിൽ നിന്ന് ഇറക്കുക എന്നതിനൊപ്പം മൃദുഹിന്ദുത്വ നിലപാടും അവസരവാദപരമായ സമീപനവും തുടരുന്ന കോൺഗ്രസിനെ തുറന്നുകാട്ടുകയും ചെയ്യുമെന്ന് എ.വിജയരാഘവൻ പറഞ്ഞു.