ബെയ്ജിംഗ്: ടാർഗറ്റ് തികയ്ക്കാത്ത ജീവനക്കാർക്ക് സ്വകാര്യ കമ്പനി ശിക്ഷയായി വിധിച്ചത് നടുറോഡിൽ മുട്ടുകുത്തി ഇഴയാൻ. ചൈനയിലെ സ്വകാര്യ കമ്പനിയാണ് ജീവനക്കാർക്ക് ശിക്ഷ വിധിച്ചത്.
തിരക്കേറിയ റോഡിലൂടെയായിരുന്നു ജീവനക്കാർ മുട്ടുകുത്തി ഇഴഞ്ഞത്. ഒരുമാസം കമ്പനി നിർദ്ദേശിച്ച ടാർഗറ്റ് തികയ്ക്കാത്ത സ്ത്രീകളടക്കമുള്ള ജീവനക്കാരെയാണ് നടുറോഡിൽ മുട്ടിലിഴച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നതോടെയാണ് ഇത് വിവാദമായത്.
കമ്പനിയുടെ പതാകയുമായി ഒരാൾ ജീവനക്കാർക്ക് മുന്നിലുണ്ടായിരുന്നു. ഇയാളുടെ പിന്നാലെയാണ് ജീവനക്കാർ മുട്ടിലിഴഞ്ഞ് ചെല്ലുന്നത്. ശിക്ഷാനടപടി ഞെട്ടലോടെ കണ്ടുനിൽക്കുന്ന നാട്ടുകാരെയും വീഡിയോയിൽ കാണാം. പൊലീസ് ഇടപ്പെട്ടതിനെ തുടർന്നാണ് ജീവനക്കാർ രക്ഷപ്പെട്ടത്. കമ്പനിക്കെതിരെ പൊലീസ് നടപടിയെടുത്തതായും കമ്പനി അടച്ചു പൂട്ടിയെന്നും റിപ്പോർട്ടുകളുണ്ട്.
മോശം പ്രകടന കാഴ്ചവെച്ച ജീവനക്കാരെ ചാട്ട കൊണ്ടടിക്കുന്ന വീഡിയോ മുൻപ് പുറത്തു വന്നിരുന്നു.