കൊൽക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പിൽ ആരു ജയിക്കണമെന്ന് പ്രാദേശിക പാർട്ടികൾ തീരുമാനിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 125 സീറ്റിൽ കൂടുതൽ നേടാൻ കഴിയില്ലെന്നും മമത പറഞ്ഞു. കോൺഗ്രസ് ആയിരിക്കില്ല, രാജ്യം ആര് ഭരിക്കണമെന്ന് പ്രാദേശിക പാർട്ടികളായിരിക്കും ഇത്തവണ തീരുമാനിക്കുക - മമത പറഞ്ഞു. കൊൽക്കത്തയിൽ മഹാറാലിയുടെ ഒരുക്കങ്ങൾ വിലയിരുത്താനെത്തിയ മമത മാദ്ധ്യമപവർത്തകരോട് സംസാരിക്കുകയായിരുന്നു.
ബി.ജെ.പിയെ എതിർക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ മഹാസമ്മേളനത്തിനാണ് കൊൽക്കത ശനിയാഴ്ച വേദിയാകുന്നത്. എന്നാൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, ബി.എസ്.പി നേതാവ് മായാവതി, ബിജെഡി നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക്ക്, തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു എന്നിവർ റാലിയിൽ പങ്കെടുക്കുന്നില്ല. പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ റാലിക്കെത്തും. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും റാലിയിൽ അണിനിരക്കും.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള, എൻ.സി.പി നേതാവ് ശരദ് പവാർ, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയവർ മഹാറാലിയിൽ പങ്കെടുക്കും.