ബുദ്ധമതം
അശോകന്റെ ഭരണകാലമായ ബി.സി മൂന്നാം ശതകത്തിൽ ബുദ്ധമതം കേരളത്തിലെത്തിയതായി കണക്കാക്കാം. മണിമേഖല ഒരു ബൗദ്ധകാവ്യമാണ്.
പഴന്തമിഴ് പാട്ടുകളായ എട്ടുത്തൊകൈ, പത്തുപ്പാട്ട് മുതലായവയിൽ ബുദ്ധ സന്യാസിമാരുടെ സേവനങ്ങൾ പറയുന്നു. കുന്നത്തൂർ, കരുനാഗപ്പള്ളി താലൂക്കുകൾ മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകൾ എന്നിവിടങ്ങളിൽ നിന്ന് നിരവധി ബുദ്ധ വിഗ്രഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിലെ ബുദ്ധമത ക്ഷേത്രങ്ങളിൽ പ്രധാനം ശ്രീമൂലവാസമായിരുന്നു. എട്ടാം ശതകത്തോടെ ക്ഷയിക്കാൻ തുടങ്ങി. ശങ്കരാചാര്യരെപ്പോലുള്ള വൈദിക മത പരിഷ്കർത്താക്കളുടെ എതിർപ്പുകളെത്തുടർന്നാണ് അപ്രസക്തമായത്. നമ്മുടെ എഴുത്തു പള്ളിയും പള്ളിക്കൂടവും ബുദ്ധമതത്തിന്റെ സംഭാവനകളാണ്.
ജൈനമതം
ജൈനമത സന്ദേശങ്ങൾ ബി.സി മൂന്നാം ശതകത്തിലായിരിക്കണം കേരളത്തിലെത്തിയതെന്ന് കണക്കാക്കപ്പെടുന്നു.
ചന്ദ്രഗുപ്തമൗര്യൻ 25-ാം ഭരണ വർഷത്തിൽ സിംഹാസനം വെടിഞ്ഞ് ഭദ്രബാഹു എന്ന ജൈന സന്യാസിയോടൊപ്പം മൈസൂറിലെത്തി. ചന്ദ്രഗുപ്ത മൗര്യൻ മൈസൂറിലെ ശ്രാവണ ബലഗൊളവരെ മാത്രമേ വന്നുള്ളൂ. അദ്ദേഹത്തിന്റെ അനുയായികളാകട്ടെ ദക്ഷിണേന്ത്യ മുഴുവൻ സഞ്ചരിച്ച് ജൈനമത പ്രചാരണം നടത്തി,
ജൈനമേട്
പാലക്കാട്ട് ചന്ദ്രനാഥം എന്ന പേരിലൊരു ജൈന ക്ഷേത്രവും ജൈനമേട് എന്നൊരു കുന്നുമുണ്ട്. ജൈനമതത്തിന്റെ അടയാളങ്ങളാണിവ. ചന്ദ്രനാഥ സ്വാമി എന്ന ജൈന മുനിയാണ് ഇതു സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. അട്ടപ്പാടിക്കുസമീപമുള്ള മണ്ണാർക്കാട്, പള്ളിക്കുറുപ്പ്, തച്ചമ്പാറ, നാട്ടുകല്ല്, തുപ്പനാട്ട് എന്നീ സ്ഥലങ്ങൾ ജൈനസങ്കേതങ്ങളായിരുന്നു.
എ.ഡി എട്ടാം ശതകത്തിൽ ശൈവ വൈഷ്ണവ മതങ്ങൾ ശക്തിപ്രാപിച്ചതോടെ കേരളത്തിൽ ജൈന മതത്തിന്റെ ശക്തി ക്ഷയിച്ചുതുടങ്ങി. പല ജൈന ക്ഷേത്രങ്ങളും ഹിന്ദു ക്ഷേത്രങ്ങളായി മാറി.
മതിലകം, കല്ലിൽ ക്ഷേത്രങ്ങൾ
മതിലകത്ത് പണ്ട് പ്രസിദ്ധമായ ഒരു ജൈന ക്ഷേത്രമുണ്ടായിരുന്നു. പെരുമ്പാവൂരിനടുത്ത് കല്ലിൽ എന്ന സ്ഥലത്ത് ഗുഹാ നിർമ്മിതമായ ജൈന ക്ഷേത്രമുണ്ട്. വയനാട്ടിലെ സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവ ജൈന സങ്കേതങ്ങളായിരുന്നു.
ക്രിസ്തുമതം
ഒന്നാം നൂറ്റാണ്ടിലാണ് ക്രിസ്തുമതം കേരളത്തിലെത്തുന്നത്. മാലിയങ്കര, പാലയൂർ, കോട്ടക്കാവ്, കൊക്കമംഗലം, കൊല്ലം, നിരണം, നിലയ്ക്കൽ എന്നിവിടങ്ങളിലായി ഏഴു പള്ളികൾ സ്ഥാപിക്കപ്പെട്ടു. എ.ഡി 52ൽ ക്രിസ്തുവിന്റെ ശിഷ്യനായ തോമസ് പുണ്യവാളൻ മുസിരിസിനടുത്തുള്ള മാലിയങ്കര പ്രദേശത്തെത്തിയതായി ഐതിഹ്യം. എ.ഡി 325ൽ നിസിയയിൽ നടന്ന സാർവദേശീയ ക്രൈസ്തവ സമ്മേളനത്തിൽ ഇന്ത്യയുടെ മെത്രാപ്പൊലീത്തയായ മാർ യോഹന്നാനും പങ്കെടുത്തതായി പറയപ്പെടുന്നു. എ.ഡി 345ൽ കാനായി തൊമ്മന്റെ നേതൃത്വത്തിൽ നാനൂറോളം ക്രിസ്ത്യാനികൾ കേരളത്തിലെത്തി.
യഹൂദമതം
സ്വന്തം നാട്ടിലെ മത പീഡനത്തിൽ നിന്ന് രക്ഷ നേടിയാണ് എ.ഡി ഒന്നാം നൂറ്റാണ്ടിൽ ജൂതന്മാർ കേരളത്തിലെത്തിയത്. എ.ഡി 68ൽ ജറുസലേമിലെ ജൂതദേവാലയം റോമക്കാർ നശിപ്പിച്ചു. ഇതേത്തുടർന്ന് പതിനായിരത്തോളം ജൂതന്മാർ കൊടുങ്ങല്ലൂരെത്തി. അവർ ആദ്യം വാസമുറപ്പിച്ചത് കൊടുങ്ങല്ലൂർ, മാള, പാലയൂർ, പുല്ലൂറ്റ് എന്നിവിടങ്ങളിലാണ്. കൊല്ലം, മാടായി, പന്തലായനിക്കൊല്ലം, ചാവക്കാട് തുടങ്ങിയ പ്രദേശങ്ങളിലും ജൂതന്മാർ വസിച്ചിരുന്നു. പതിനഞ്ചാം നൂറ്റാണ്ടുവരെ കൊടുങ്ങല്ലൂരിൽ ജൂതന്മാർ സ്വതന്ത്രമായി കഴിഞ്ഞു. കേരളത്തിലെ ജൂതന്മാർക്ക് രാജാക്കന്മാരിൽ നിന്ന് വിശേഷാധികാരങ്ങൾ ലഭിച്ചിരുന്നു. ഭാസ്കര രവിവർമ്മ ചക്രവർത്തിയുടെ എ.ഡി ആയിരാമാണ്ടത്തെ ജൂതശാസനം ജോസഫ് റബ്ബാൻ എന്ന ജൂത പ്രമാണിക്ക് ചില അവകാശങ്ങളും അധികാരങ്ങളും നൽകിയതിന്റെ രേഖയാണ്.
പോർച്ചുഗീസുകാരുടെ വരവോടെ 1565ൽ കൊടുങ്ങല്ലൂരിൽ നിന്ന് കൊച്ചിയിലേക്ക് ജൂതന്മാർ ചേക്കേറി. ഈ സാഹചര്യത്തിലാണ് മട്ടാഞ്ചരിയിലെ ജൂതത്തെരുവും ജൂതപ്പള്ളിയുമുണ്ടായത്. 1948ൽ ഇസ്രായേൽ യഹൂദ രാഷ്ട്രമായതോടെ ജൂതന്മാർ മാതൃരാജ്യത്തേക്ക് പോയി.
ഇസ്ലാംമതം
പ്രവാചകന്റെ കാലത്തിനു മുമ്പേ അറേബ്യയും കേരളവും തമ്മിൽ വാണിജ്യ ബന്ധമുണ്ടായിരുന്നു. കൊടുങ്ങല്ലൂരായിരുന്നു അറബികളുടെ പ്രധാന താവളം. ഇവരായിരിക്കാം ഏഴാം ശതകത്തിലോ എട്ടാം ശതകത്തിലോ ഇസ്ലാം മതം പ്രചരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. തരിസാപള്ളി ശാസനകാലത്ത് കൊല്ലത്ത് അറബികളുണ്ടായിരുന്നു.
അവസാനത്തെ ചേരരാജാവായ ചേരമാൻ പെരുമാൾ ഇസ്ളാം മതം സ്വീകരിച്ച് മെക്കയിലേക്ക് പോയെന്നും അതിനെത്തുടർന്നാണ് ഇസ്ലാം കേരളത്തിൽ പ്രചരിച്ചതെന്നും വാദമുണ്ട്. മറ്റൊരു വിശ്വാസം ഇസ്ലാം മതം പ്രചരിപ്പിക്കാൻ മാലിക് ഇബ്ൻ ദിനാറും കുടുംബവും കേരളത്തിൽ വന്നിരുന്നു എന്നാണ്. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി സ്ഥാപിച്ചത് കൊടുങ്ങല്ലൂരാണ്, സാമൂതിരിയുടെ കാലത്ത് മുസ്ലിംങ്ങളായിരുന്നു കോഴിക്കോടിന്റെ നാവികപ്പടയാളികൾ.
ആര്യമതം
കേരളത്തിന്റെ സാമൂഹ്യരൂപവത്കരണത്തെ സ്വാധീനിച്ച ഘടകങ്ങളാണ് നമ്പൂതിരിമാരുടെ ആഗമനവും അധിവാസവും. ഇവരുടെ കുടിയേറ്റം എപ്പോൾ എവിടെ നിന്നുണ്ടായി എന്നതിന് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. ബി.സി അവസാന നൂറ്റാണ്ടുകളിൽത്തന്നെ കുടിയേറ്റം ആരംഭിച്ചതായി കരുതപ്പെടുന്നു.
കടവല്ലൂർ അന്യോനം
കുന്നംകുളത്തിനു സമീപം കടവല്ലൂർ ക്ഷേത്രത്തിൽ വച്ച് ഋഗ്വേദ പഠനത്തിൽ മൂന്നു വൈദഗ്ദ്ധ്യ പരീക്ഷകൾ നടത്തിയിരുന്നു. ഇതാണ് കടവല്ലൂർ അന്യോനം. വാരമിരിക്കുക, ജടചൊല്ലുക, രഥചൊല്ലുക എന്നിവയാണ് മത്സരത്തിന്റെ പ്രധാനഘട്ടങ്ങൾ. രഥയിലെ വലിയ കടന്നിരിക്കൽ ഒരു വൈദികനു ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയാണ്. വേദ വിദ്യാർത്ഥികളിൽ ഏറ്റവും സമർത്ഥരായവർ മുൻപിരിക്കലിനും, സാമാന്യക്കാർ രണ്ടാം വാരമിരിക്കലിനും ആണ് മത്സരിച്ചിരുന്നത്.