മുതല ഭീമൻ
ഇപ്പോഴുള്ള ഉരഗവർഗങ്ങളിൽ ഏറ്റവും ഭാരമുള്ളത് സാൾട്ട് വാട്ടർ ക്രൊക്കൊഡൈൽ എന്ന ഇനത്തിൽപ്പെട്ട മുതലയ്ക്കാണ്. തെക്ക് കിഴക്കൻ ഏഷ്യയിലും ആസ്ട്രേലിയയുടെ വടക്കുഭാഗത്തുമാണ് ഈ മുതല ഭീമന്മാരുള്ളത്.
മുതല കരയോട് ചേർന്ന് വാ തുറന്നു കിടക്കുന്നത് നാം ചിത്രങ്ങളിലും ചാനലുകളിലും കാണാറുണ്ട്. ചൂടിൽ നിന്ന് രക്ഷപ്പെടാനുള്ള സൂത്രമാണിത്. തുറന്ന വായിൽ നിന്ന് ജലാംശം ആവിയായിപ്പോകുമ്പോൾ ധാരാളം ചൂട് നഷ്ടപ്പെടും. ഇങ്ങനെ എല്ലാം മറന്നു കിടക്കുമ്പോൾ ഒട്ടും പേടിയില്ലാതെ ചില പക്ഷികൾ വന്ന് മുതലപ്പുറത്തിരിക്കാറുണ്ട്. ചിലതു മുതലയുടെ പല്ലിനിടയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ആഹാര അവശിഷ്ടങ്ങൾ കൊത്തിത്തിന്നും. മുതല അത് മൈൻഡ് ചെയ്യാറില്ല.
മുതലകളുമായി ബന്ധപ്പെട്ട് നിരവധി കഥകളും കവിതകളുമുണ്ട്. ഞാനും മുതലയച്ചനും കൂടി എന്നൊക്കെയുള്ള പുളുവൻ കഥകൾ പലരും കേട്ടിട്ടുണ്ടാകും
മുതലകളുടെ വേട്ട
മാംസഭോജികളായ മുതലകൾ കന്നുകാലികൾ, മാൻ, പന്നി എന്നിവയെ വേട്ടയാടിപിടിക്കും. വെള്ളം കുടിക്കാനെത്തുമ്പോഴാണ് വേട്ട. ജീവികളെ വെള്ളത്തിനടിയിലേക്ക് വലിച്ചുതാഴ്ത്തി കുടഞ്ഞു കൊല്ലും. വെള്ളത്തിൽ മുതലയ്ക്ക് അപാരശക്തിയാണ്.ചീങ്കണ്ണി, കെയ്മൻ, മുതല എന്നിവ മുതലക്കുടുംബത്തിലെ അംഗങ്ങളാണ്. വെള്ളത്തിലും കരയിലും ജീവിക്കാനിവ ഇഷ്ടപ്പെടുന്നു.
ഉടുമ്പിന്റെ അധികാര മോഹം
രാഷ്ട്രീയക്കാരെ നാം അധികാര മോഹികളെന്ന് കളിയാക്കാറുണ്ട്. എന്നാൽ ഉരഗങ്ങൾക്കിടയിലെ കടും പിടിത്തക്കാരനോ അധികാരമോഹിയോ ആണ് ഉടുമ്പ്. നമ്മുടെ നാട്ടിൻപുറങ്ങളിലും കാട്ടുപ്രദേശങ്ങളിലും കാണപ്പെടുന്ന ഉടുമ്പ് വരാനസ് ബംഗാളെൻസിസ് എന്ന ഇനമാണ്.
കുത്തനെയുള്ള പ്രതലത്തിൽ പോലും സഞ്ചരിക്കാനും ഒരു സ്ഥലത്ത് അള്ളിപ്പിടിച്ചിരിക്കാനും പ്രത്യേക കഴിവുണ്ട്. കൂർത്ത നഖങ്ങളും ഉറച്ച ശരീരവുമാണ് അതിന് സഹായിക്കുന്നത്.
പണ്ടുകാലത്ത് ഉടുമ്പിന്റെ ഈ സവിശേഷത മനുഷ്യൻ നന്നായി ഉപയോഗപ്പെടുത്തിയിരുന്നു. ദുർഗമമായ കോട്ടകളിലും ഉയർന്ന സ്ഥലങ്ങളിലുമെത്താൻ ഉടുമ്പിനെ ഉപയോഗപ്പെടുത്തിയിരുന്നു. നീണ്ടചരടിന്റെ അറ്റത്ത് ബന്ധിച്ചിട്ടുള്ള ഉടുമ്പിനെ കോട്ടമതിലിന്റെ മുകളിലേക്കെറിയും. അവിടെ അള്ളിപ്പിടിക്കുന്ന ഉടുമ്പ് പിന്നെ എത്ര ശ്രമിച്ചാലും ഇളകിവരില്ല. കായംകുളം കൊച്ചുണ്ണിയെപ്പോലുള്ളവർ ഇത്തരത്തിൽ ഉടുമ്പിനെ ഉപയോഗപ്പെടുത്തിയിരുന്നത്രേ.