ഷില്ലോംഗ് : മേഘാലയയിലെ അനധികൃത കൽക്കരി ഖനിയിൽ ഒരു മാസത്തിലേറെയായികുടുങ്ങിക്കിടക്കുന്ന 15 ഖനി തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം നേവിയുടെ രക്ഷാസംഘം കണ്ടെത്തി. 200 അടി താഴ്ചയിലാണ് കണ്ടെത്തിയത്.
മറ്റുള്ളവർക്കായുള്ള തെരച്ചിൽ തുടരുന്നു. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് വെള്ളത്തിനടിയിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്ന വാഹനമായ ആർ.ഒ.വി ഉപയോഗിച്ചാണ് മൃതദേഹം കണ്ടെത്തുകയും ഖനിയുടെ പ്രവേശന ദ്വാരത്തിന് അടുത്തുവരെ എത്തിക്കുകയും ചെയ്തിരിക്കുന്നത്.
ഡോക്ടർമാരുടെ സംഘത്തിന്റെ നിർദ്ദേശം പാലിച്ചുമാത്രമേ മൃതദേഹം പുറത്തേക്ക് എത്തിക്കൂ.മേഘാലയയിലെ 1200 ഓളം അനധികൃത ഖനികളെക്കുറിച്ച് അന്വേഷിക്കണമെന്ന് ട്രൈബ്യൂണലിന്റെ മൂന്നംഗ കമ്മിറ്റി പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. പൂർവ, ദക്ഷിണ, പശ്ചിമ മലയോര ജില്ലകളിലാണ് ഏറ്റവും കൂടുതൽ അനധികൃത ഖനനം നടക്കുന്നത്.
അപകടം ഇങ്ങനെ
- മേഘാലയയിലെ ഈസ്റ്റ് ജയിന്റിയ മലയോര ജില്ലയിലെ 370 അടി ആഴമുള്ള കൽക്കരി ഖനിയിലാണ് ഡിസംബർ 13ന് അപകടം നടന്നത്.
- സമീപത്തുള്ള ലിറ്റൻ നദി കരകവിഞ്ഞ് വെള്ളം ഖനിയിൽ നിറയുകയായിരുന്നു.
- 15 പേർ അപകട സമയത്ത് ഖനിക്കുള്ളിൽ
- അനധികൃത ഖനിയുടെ ഉടമ ക്രിപ് ചുള്ളറ്റ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു.
- ദേശീയ ദുരന്ത നിവാരണ സേനയും നേവി സംഘവും ഒരു മാസമായി രക്ഷാ പ്രവർത്തനം തുടരുന്നു.
സുപ്രീംകോടതിയുടെ ഇടപെടൽ
- കൽക്കരി കടത്തുന്നതിന് ഫെബ്രുവരി 19 വരെ നിരോധനം ഏർപ്പെടുത്തി കഴിഞ്ഞ ചൊവ്വാഴ്ച സുപ്രീംകോടതി ഉത്തരവിട്ടു.രക്ഷാപ്രവർത്തനം തുടരാനും ആവശ്യപ്പെട്ടു.
- വിവരാവാകാശ പ്രവർത്തകർ ഉൾപ്പെട്ട മേഘാലയ സിറ്റിസൺസ് ഫോറമാണ് സുപ്രീംകോടതിയെ സമീപിച്ചത്.അനധികൃത ഖനി ഉടമകളും സർക്കാരും തമ്മിൽഅവിശുദ്ധ ബന്ധമുണ്ടെന്നും പല കാര്യങ്ങളിലും കോടതിയെ സർക്കാർ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഫോറം ചൂണ്ടിക്കാട്ടിയിരുന്നു.
പ്രധാന പ്രശ്നം തൊഴിലില്ലായ്മ
- മേഘാലയയിലെയും അസാമിലെയും ചെറുപ്പക്കാർക്കിടയിലുള്ള തൊഴിലില്ലായ്മയാണ് കൂടുതൽ പേരെ ഖനി മേഖലയിലേക്ക് ആകർഷിക്കുന്നത്.
- ഒരു ഖനി തൊഴിലാളിക്ക് ഒരു ദിവസം കുറഞ്ഞത് 1000 മുതൽ 2000 രൂപ വരെ ലഭിക്കും.
- പരിചയ സമ്പന്നനായ തൊഴിലാളിക്ക് 4000 രൂപ വരെ നേടാം.
- അസാമിൽ ഒരു തൊഴിലാളിക്ക് ഏതു പണിക്ക് പോയാലും 400 രൂപയിൽ താഴെയേ ലഭിക്കൂ.