ഒല്ലൂർ: മാന്ദാമംഗലം സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ യാക്കോബായ- ഓർത്തഡോക്സ് വിഭാഗക്കാർ ഏറ്റുമുട്ടിയതിനെതുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ.. വ്യാഴാഴ‌്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റു. പള്ളിയുടെ ജനൽ ചില്ലുകളും തകർന്നിട്ടുണ്ട്.
ഓർത്തഡോക്സ് വിഭാഗത്തിന് പ്രാർത്ഥനാ സ്വാതന്ത്ര്യം നിഷേധിച്ചെന്നാരോപിച്ച് ബുധനാഴ്ച ഭദ്രാസനാധിപെൻറ നേതൃത്വത്തിൽ പള്ളിക്കു പുറത്ത് കുത്തിയിരിപ്പ് സമരം തുടങ്ങിയിരുന്നു. യാക്കോബായ വിഭാഗം പള്ളിക്കകത്ത് പ്രാർത്ഥനാ സമരവും നടത്തുന്നുണ്ട്. ഇതിനിടെയാണ് . ഒരു വിഭാഗം വിശ്വാസികൾ ഗേറ്റ് തുറന്നതിന് പിന്നാലെ പള്ളിയിൽ നിന്നും കല്ലേറ് ഉണ്ടായത്. പിന്നാലെ തിരിച്ചും കല്ലേറുണ്ടായി.
വ്യാഴാഴ‌്ച രാത്രി ഓർത്തഡോക‌്സ‌് വിഭാഗക്കാർ പള്ളിക്കുള്ളിലേക്ക‌് കയറാൻ ശ്രമിച്ചതാണ‌് സംഘർഷത്തിന‌് കാരണമെന്നും ഇതര ജില്ലകളിൽ നിന്നുള്ളവരാണ് പള്ളി ആക്രമിച്ചതെന്നും യാക്കോബായ വിഭാഗം ആരോപിച്ചു. അതേസമയം, യാക്കോബായ വിഭാഗം സമരപന്തൽ പൊളിച്ചതാണ് സംഘർഷത്തിനിടയാക്കിയതെന്നാണ് ഓർത്തഡോക്സ് വിഭാഗത്തിന്‍റെ ആരോപണം.
കുത്തിയിരിപ്പ് സമരം നടത്തിയ മലങ്കര ഓർത്തഡോക്സ് തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസിനുൾപ്പെടെ കല്ലേറിൽ പരിക്കേറ്റിട്ടുണ്ട്.