crime

പിറവം: പാമ്പാക്കുട നെയ്ത്തുശാലപ്പടിയിൽ റോഡരികിലെ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വാടക വീട്ടിൽ കഴിയുന്ന വിധവയായ സ്മിതയ്ക്കും നാല് മക്കൾക്കും നേരെ ആസിഡ് ആക്രമണം. സ്മിത, മൂത്ത മകൻ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി നെവിൻ, സ്മിജ, സ്മിന, സ്മിനു എന്നിവരെ കോട്ടയം ഇ.എസ്.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാമത്തെ മകളായ സ്മിനയുടെ കണ്ണിന് ഗുരുതരമായ പൊള്ളലുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ രാമമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തതായി അറിയുന്നു.

ഇന്നലെ വെളുപ്പിന് 3 മണിയോടെയാണ് ജനലിലൂടെ അജ്ഞാതൻ ആസിഡ് എറിഞ്ഞത്. ഉടൻ തന്നെ രാമമംഗലം പൊലീസും പഞ്ചായത്ത് മെമ്പറും സംഭവസ്ഥലത്തെത്തി. സ്മിതയെയും കുട്ടികളെയും പിറവം ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്നാണ് കോട്ടയം ഇ.എസ്.ഐ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ഇന്നലെ ഉച്ചയ്ക്ക് ജനാലയിലൂടെ അജ്ഞാതരായ ആരോ കട്ടിലിനും കിടക്കയ്ക്കും തീയിട്ടിരുന്നു.പിറവം സെന്റ് ജോസഫ്സ് ഹൈസ്‌കൂളിലെ എൻ.സി.സി കുടുംബത്തിന് വീട് നിർമ്മിച്ച് കൊണ്ടിരിക്കുകയാണ്. തീവെപ്പ് നടക്കുമ്പോൾ സ്മിത വീട് നിർമ്മാണ സ്ഥലത്തും കുട്ടികൾ സ്‌കൂളിലുമായിരുന്നു.