തൃശൂർ: തൃശ്ശൂർ മാന്നാമംഗലം സെന്റ് മേരീസ് പള്ളിയിൽ അവകാശത്തെ ചൊല്ലി ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 120 പേർക്കെതിരെ കേസെടുത്തു. ഓർത്തഡോക്‌സ് തൃശൂർ ഭദ്രാസനാധിപൻ യൂഹനാൻ മാർ മിലിത്തിയോസാണ് ഒന്നാം പ്രതി. നിരവധി വൈദികരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. വധശ്രമം, കലാപശ്രമം എന്നീ വകുപ്പുകളാണ് ഇവർക്കെതിര ചുമത്തിയിരിക്കുന്നത്.
ഇനിയും നിരവധി പേർ അറസ്‌റ്റിലാകുമെന്നാണ് സൂചന. പള്ളിയിൽ കയറി അറസ്റ്റ് ചെയ്യാൻ കഴിയാത്തതിനാൽ ഇവർ പുറത്തിറങ്ങാൻ കാത്തിരിക്കുകയാണ് പൊലീസ്. അക്രമത്തിൽ പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയുണ്ട്.
രാത്രി 12 മണിയോടെ ഓർത്തഡോക്സ് വിഭാഗം ഗേറ്റ് തകർത്ത് പള്ളിയിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. ഇരുവിഭാഗങ്ങളും തമ്മിൽ കല്ലേറുണ്ടായി. സമരപ്പന്തൽ പൊലീസ് പൂർണ്ണമായും ഒഴിപ്പിച്ചു. സംഘർഷത്തിൽ ഓർത്തഡോക്സ് തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹന്നാൻ മാർ മിലിത്തിയൂസ് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഇരു വിഭാഗങ്ങൾ തമ്മിൽ രാത്രി രൂക്ഷമായ കല്ലേറ് നടന്നിരുന്നു. ഇതേ തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പാത്രിയാർക്കിസ് വിഭാഗത്തിന് കീഴിലുള്ള പള്ളിയിൽ ആരാധന നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഓർത്തഡോക്സ് വിഭാഗം സമരം ചെയ്തത്. തങ്ങൾക്കനുകൂലമായ കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു സമരം. എന്നാൽ ഓർത്തഡോക്സ് വിഭാഗത്തെ പള്ളിയിൽ കയറാൻ അനുവദിക്കാതെ യാക്കോബായ വിഭാഗവും പള്ളിയ്ക്കകത്ത് നിലയുറപ്പിക്കുകയായിരുന്നു.