ശബരിമല : യുവതികൾ ശബരിമലയിൽ പ്രവേശിക്കുന്നതിനെതിരെ അയൽസംസ്ഥാന തീർത്ഥാടകരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന പ്രതിഷേധത്തിന് മുന്നിൽ പൊലീസ് പതറുന്നു. ബലംപ്രയോഗിച്ചു നീക്കുകയോ, അറസ്റ്റ് ചെയ്യുകയോ ചെയ്താൽ പ്രതിഷേധം അയൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുമെന്ന മുന്നറിയിപ്പാണ് പൊലീസിനെ കുഴക്കുന്നത്. അയൽ സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾക്കെതിരെയും എതിർപ്പുണ്ടാകാമെന്ന ആശങ്കയുണ്ട്. നിലയ്ക്കലിൽ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനോട് എസ്.പി.യതീഷ് ചന്ദ്ര ഉച്ചത്തിൽ സംസാരിച്ചതിന്റെ പേരിൽ കന്യാകുമാരി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു.
രേഷ്മ നിശാന്ത്, ഷാനില സജേഷ് എന്നിവരെ നീലിമലയിൽ കഴിഞ്ഞ ദിവസം പ്രതിരോധിച്ചത് ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിലെ തീർത്ഥാടകരായിരുന്നു. മണ്ഡലപൂജയ്ക്ക് മുൻപ് മരക്കൂട്ടത്ത് അഡ്വ. ബിന്ദു, കനകദുർഗ്ഗ എന്നീ യുവതികളെ തടഞ്ഞ് മടക്കി അയച്ചതിന് പിന്നിലും അയൽസംസ്ഥാന ഭക്തരുണ്ടായിരുന്നു. തുടക്കത്തിൽ കർമ്മസമിതിയും സംഘപരിവാർ സംഘടനകളും നിരോധനാജ്ഞയെ മറികടന്ന് സജീവമായിരുന്നെങ്കിലും മകരവിളക്ക് സീസൺ അടുത്തതോടെ കെട്ടടങ്ങി.
കഴിഞ്ഞ ദിവസം നീലിമലയിൽ ആദ്യം പ്രതിഷേധവുമായി എത്തിയ ഏഴംഗസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിന് തൊട്ടുപിന്നാലെ ആന്ധ്ര സ്വദേശിയായ ഭക്തനും ഒപ്പമുണ്ടായിരുന്നവരുമാണ് പ്രതിരോധവുമായി എത്തിയത്. കൊവൈ ധർമ്മരാജ അരശ് പീഠത്തിലെ സന്യാസി കൃഷ്ണമൂർത്തി ഗുരുസ്വാമിയുടെ നേതൃത്വത്തിലുള്ള സംഘം പാത്രത്തിൽ കർപ്പൂരം കത്തിച്ച് നാമജപം നടത്തിയതിനൊപ്പം ഗോബാക്ക് വിളികളും മുഴക്കി. എന്നാൽ ഇവരെ അറസ്റ്റ് ചെയ്യാനോ ബലപ്രയോഗം നടത്താനോ പൊലീസ് തയ്യാറായില്ല.