തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പ്രമുഖ താരങ്ങൾ വിവിധ മുന്നണികൾക്ക് വേണ്ടി മത്സരിക്കാൻ ഇറങ്ങുമെന്ന തരത്തിൽ നിരവധി വാർത്തകൾ പ്രചരിക്കാറുണ്ട്. സൂപ്പർ താരങ്ങളായ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പേരിലാണ് ഇത്തരത്തിൽ ഏറെയും വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ വച്ച് കൂടിക്കാഴ്‌ച നടത്തിയതും വിവിധ ബ്ലോഗ് പോസ്‌റ്റുകളും ഇത്തവണ തിരുവനന്തപുരത്ത് നിന്നും ലോക്‌സഭയിലേക്ക് ബി.ജെ.പി ടിക്കറ്റിൽ മോഹൻലാൽ മത്സരിക്കുമെന്ന പ്രചാരണത്തിന് ആക്കം കൂട്ടി. മമ്മൂട്ടി എൽ.ഡി.എഫിന് വേണ്ടി എറണാകുളത്ത് നിന്നും മത്സരിക്കുമെന്നും നിരവധി വാർത്തകൾ പ്രചരിച്ചു. പാർട്ടി ചാനലിന്റെ ചെയർമാൻ കൂടിയായ മമ്മൂട്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള നല്ല ബന്ധമാണ് ഇതിന് കാരണമായി പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ താരങ്ങൾ തന്നെ ഒടുവിൽ വിശദീകരണവുമായി രംഗത്തെത്തി.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മമ്മൂട്ടിയും മോഹൻലാലും വ്യക്തമാക്കി. തങ്ങളുടെ ആലോചനയിൽ പോലും തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള ചിന്തകളില്ല. ഇരുവർക്കും ഇപ്പോൾ ആവശ്യത്തിന് സിനിമകളുണ്ടെന്നും തത്കാലം തിരഞ്ഞെടുപ്പിനെപ്പറ്റി ചിന്തിക്കുന്നില്ലെന്നുമാണ് വിശദീകരണം. നേരത്തെ സിനിമാ രംഗത്ത് നിന്നും ചിലർ സ്ഥാനാർത്ഥികൾ ആയപ്പോൾ താരങ്ങൾ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. എന്നാൽ ഇത്തണവ പ്രചാരണ രംഗത്ത് പോലും ഇറങ്ങേണ്ടെന്നാണ് ഇരുവരുടെയും തീരുമാനം.