jnu

ന്യൂഡൽഹി: ജെ.എൻ.യു സർവ്വകലാശാലയിൽ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് പിന്നിൽ എ.ബി.വി.പി പ്രവർത്തകരാണെന്ന വെളിപ്പെുടുത്തലുമായി മുൻ എ.ബി.വി.പി നേതാക്കൾ രംഗത്ത്. ക്യാംപസിൽ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയത് സംഘടനാ പ്രവർത്തകരും അനുഭാവികളുമാണെന്ന് ജെ.എൻ.യുവിലെ മുൻ എ.ബി.വി.പി യൂണിറ്റ് പ്രസിഡന്റ് ജതിൻ ഗൊരയ്യ,​ മുൻ ജോയിന്റ് സെക്രട്ടറി പ്രദീപ് നർവാൾ എന്നിവരാണ് രംഗത്തെത്തിയത്.

മുൻ യൂണിയൻ പ്രസിഡന്റ് കനയ്യ കുമാർ,​ നോതാക്കളായ ഉമർ ഖാലിദ്,​ അനിർബൻ ഭട്ടാചാര്യ,​ തുടങ്ങിയ 10പേർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് നേതാക്കൻമാരുടെ വെളിപ്പെടുത്തൽ. ആത്മഹത്യ ചെയ്ത ദലിത് വിദ്യാർത്ഥി നേതാവ് രോഹിത് വെമുലയുടെ മരണത്തിന് ലഭിച്ച മാദ്ധ്യമ ശ്രദ്ധ തിരിച്ചു വിടാനാണ് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതെന്നും മുൻ എ.ബി.വി.പി നേതാക്കന്മാർ വ്യക്തമാക്കി.

ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നും പ്രതിഷേധ കൂട്ടത്തിൽ എ.ബി.വി.പി പ്രവർത്തകർ കടന്നുകൂടിയിട്ടുണ്ടെന്നുമുള്ള കനയ്യ കുമാറിന്റെയും ഉമർ ഖാലിദിന്റെയും വാദം ശരിവെക്കുന്നതാണ് എ.ബി.വി.പി നേതാക്കന്മാരുടെ വെളിപ്പെടുത്തലെന്ന് വ്യക്തമായിരിക്കുകയാണ്. എ.ബി.വി.പി നേതാക്കന്മാരുടെ പുതിയ വെളിപ്പെടുത്തലിൽ ഡൽഹി പൊലീസും കേന്ദ്രസർക്കാരുമാണ് പ്രതിസന്ധിയിലായത്.