rafale-deal

ന്യൂഡൽഹി: ഫ്രാൻസിൽ നിന്നും വ്യോമസേനയ്‌ക്ക് വേണ്ടി 36 റാഫേൽ വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ വൻ അഴിമതി നടന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങൾ ശരിവയ്‌ക്കുന്ന തരത്തിൽ തെളിവുകൾ നിരത്തി ദേശീയ മാദ്ധ്യമം. വ്യോമസേന 126 വിമാനങ്ങളാണ് ആവശ്യപ്പെട്ടതെങ്കിലും മോദി സർക്കാർ വാങ്ങാൻ അനുമതി നൽകിയത് 36 വിമാനങ്ങൾക്കാണ്. അതും ഓരോ വിമാനത്തിനും 41.42 ശതമാനം അധികത്തുക നൽകിയിട്ടാണെന്നും ദ ഹിന്ദുവിൽ വന്ന വാർത്തയിൽ പറയുന്നു. അതേസമയം, ഓരോ വിമാനത്തിനും എത്ര രൂപയാണ് ചെലവിടുന്നതെന്ന കാര്യത്തിൽ പാർലമെന്റ് കമ്മിറ്റിയിൽ പോലും വെളിപ്പെടുത്തൽ നടത്താൻ കേന്ദ്രസർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. അത് ഫ്രാൻസുമായുണ്ടാക്കിയ കരാറിന്റെ ലംഘനമാണെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. എന്നാൽ അതീവ രഹസ്യമായ പ്രതിരോധ വിവരങ്ങൾ ഒഴികെ ബാക്കിയെല്ലാം പരസ്യപ്പെടുത്താമെന്നാണ് ഫ്രഞ്ച് അധികൃത‌ർ നൽകുന്ന വിശദീകരണം.

വില വർദ്ധിച്ചത് എങ്ങനെ?

എന്നാൽ ആദ്യഘട്ടത്തിൽ വാങ്ങാനിരുന്ന വിമാനത്തിന്റെ പരിഷ്‌ക്കരിച്ച രൂപമാണ് ഇപ്പോൾ വാങ്ങുന്നതെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. അതുകൊണ്ടാണ് വിമാനത്തിന്റെ വില വർദ്ധിച്ചത്. എന്നാൽ മൂന്ന് ഘട്ടങ്ങളിലായി വിമാനത്തിന്റെ വില എപ്രകാരമാണ് വർദ്ധിച്ചതെന്ന് വാർത്തയിൽ വിശദീകരിക്കുന്നു. 2007ൽ വ്യോമസേനയ്‌ക്ക് വേണ്ടി 126 വിമാനങ്ങൾ വാങ്ങുന്നതിന് യു.പി.എ സർക്കാർ ടെൻഡർ ക്ഷണിക്കുമ്പോൾ ഏറ്റവും കുറഞ്ഞ ടെൻഡർ തുക രേഖപ്പെടുത്തിയത് ഫ്രഞ്ച് കമ്പനിയായ ഡസോൾട്ടാണ്. 18 വിമാനങ്ങൾ നേരിട്ട് ഇന്ത്യയിലെത്തിക്കാനും ബാക്കി ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡിന്റെ സഹായത്തോടെ ഇന്ത്യയിൽ നിർമിക്കാനുമായിരുന്നു പദ്ധതി. 7.93 മില്യൻ യൂറോ (ഏതാണ്ട് 64000 കോടി രൂപ) ആയിരുന്നു വിമാനത്തിന് വില നിശ്ചയിച്ചിരുന്നത്. പിന്നീട് വ്യോമസേനയുടെ പ്രത്യേക ആവശ്യപ്രകാരം ചില സൗകര്യങ്ങൾ കൂട്ടിച്ചേർക്കുന്നതിന് വേണ്ടി 2011ൽ വീണ്ടും വിമാനത്തിന്റെ വില വർദ്ധിപ്പിച്ചു. എന്നാൽ ഈ ഘട്ടത്തിലും 126 വിമാനങ്ങൾ വാങ്ങാനായിരുന്നു കരാർ.

126ൽ നിന്ന് 36ലേക്ക്

അതേസമയം, 2016ലാണ് 126 വിമാനങ്ങളിൽ നിന്ന് 36ലേക്ക് കരാർ ചുരുങ്ങുന്നത്. അതും എല്ലാം ഫ്രാൻസിൽ നിർമിച്ച് ഇന്ത്യയ്‌ക്ക് കൈമാറുന്ന തരത്തിൽ, കൂടിയ വിലയിൽ. ഓരോ വിമാനത്തിനും 2007നേക്കാൾ 41.42 ശതമാനം അധികത്തുക നൽകിയാണ് കരാറുണ്ടാക്കിയത്. 127.86 മില്യൻ യൂറോയ്‌ക്കാണ് വിമാനങ്ങൾ വാങ്ങാൻ മോദി സർക്കാർ കരാറുണ്ടാക്കിയതെന്നും ഹിന്ദുവിലെ റിപ്പോർട്ടിൽ തുടരുന്നു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ വൃത്തങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.