സ്മാർട്ട് ഫോണുകൾ എത്രമാത്രം സുരക്ഷിതമാണെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഫോണിൽ ഏത് തരത്തിലുള്ള ആപ്പുകളും ഉപയോഗിച്ച് നോക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ പല ആപ്ലിക്കേഷനുകളും എത്രമാത്രം സുരക്ഷിതമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ സ്വകാര്യ വിവരങ്ങൾ അതിൽ സുരക്ഷിതമാണോയെന്ന് നമ്മളാരും ചിന്തിക്കാറില്ല എന്നതാണ് സത്യം.
ഏറെകാലമായി വീഡിയോ ചാറ്റിംഗ് രംഗത്ത് മുന്നിൽ നിൽക്കുന്ന ആപ്പാണ് സ്കൈപ്പ്. ഇപ്പോൾ സ്കൈപ്പിലെ സുരക്ഷാ വീഴ്ച കണ്ടെത്തിയിരിക്കുകയാണ്. സ്കൈപ്പ് ഉപയോഗിക്കുന്ന ആൻഡ്രോയിഡ് ഫോണുകളിലാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയത്.സ്കൈപ്പിന് ആൻഡ്രോയിഡ് ഫോണിലെ ലോക്ക് തുറക്കാനും അതിലൂടെ ഫോണിന്റെ ഗാലറിയിലേക്കും കോൺടാക്റ്റ് ലിസ്റ്റിലേക്കും കടന്നു കയറാൻ സാധിക്കുമെന്നാണ് പുതിയ കണ്ടെത്തൽ. സ്കൈപ്പുള്ള ഏത് ആൻഡ്രോയിഡ് ഫോണിലേക്കും മറ്രൊരാൾക്കും കടന്നുകയറാമെന്ന് ചുരുക്കം.
ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് കൊണ്ടുവന്നത് യൂറോപ്യനായ കുനുഷേവിസ്കിയാണ്. സ്കൈപ്പ് കോൾ ചെയ്യുമ്പോൾ ഫോണിലെ ലോക്ക് മറികടക്കുന്നത് എങ്ങനെയാണെന്ന് ഇയാൾ വീഡിയോയിലൂടെ വിശദമാക്കുന്നുണ്ട്. സ്കൈപ്പ് കോളിലൂടെ ഫോൺ അൺലോക്ക് ആയിരിക്കുമ്പോൾ തന്നെ ഫോണിലെ ഏത് മേഖലയിലേക്കും കടന്ന് കയറാമെന്നും വീഡിയോയിൽ വ്യക്തമാകുന്നു. സന്ദേശങ്ങൾ അയക്കാനും, കോൺടാക്ടുകൾ കാണാനും ഗാലറിയിലേക്ക് കയറാനും സുഗമമായി സാധിക്കുമെന്ന് കുനുഷേവിസ്കിയുടെ വീഡിയോയിൽ കാണാം. സമാനമായ രീതിയിൽ മറ്റ് ചില ആപ്പുകളും പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.