സൂപ്പർതാരം മോഹൻലാലിന്റെ ഹിറ്റുകൾ ഒന്ന് പട്ടികപ്പെടുത്തിയാൽ നരസിംഹം എന്ന ചിത്രത്തിന്റെ സ്ഥാനം ആദ്യത്തെ അഞ്ചിൽ ഉണ്ടാകുമെന്നത് സംശയമില്ലാത്ത കാര്യമാണ്. മലയാള സിനിമയിൽ അതുവരെയുണ്ടായിരുന്ന സകല റെക്കാഡുകളും തകർത്തുകൊണ്ടാണ് 2000 ജനുവരി 26ന് ചിത്രം റിലീസിനെത്തിയത്. തകർപ്പൻ ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളുമായി മോഹൻലാൽ എന്ന വിസ്‌മയം തിയേറ്ററുകൾ അടക്കി വാഴുന്ന കാഴ്‌ചയായിരുന്നു മലയാളി അന്ന് കണ്ടത്.
എന്നാൽ നരസിംഹത്തിന് പിന്നിലെ പ്രേക്ഷകരറിയാത്ത അണിയറക്കഥകൾ നിരവധിയാണെന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകൻ ഷാജി കൈലാസ്. അതിലൊന്ന് സിംഹത്തെ ഉപയോഗിച്ച് ചിത്രീകരിക്കേണ്ടി വന്ന ഒരു രംഗമാണ്. ഒരു ഗാനരംഗത്തിൽ മോഹൻലാലിന്റെയും സിംഹത്തിന്റെയും മുഖങ്ങൾ മാറിമാറി കാണിച്ചത് അന്ന് തിയേറ്ററുകളിൽ വലിയ ഓളമുണ്ടാക്കി. അതിനെ പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് സംവിധായകൻ. ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിലാണ് ഷാജി കൈലാസ് ഇക്കാര്യം വ്യക്തമാക്കിയത്.
'ഇന്റർവെല്ലിന് ശേഷമുള്ള ഭാഗത്തിന്റെ തിരക്കഥ പൂർത്തിയായിട്ടില്ല. അടുത്ത ഷെഡ്യൂൾ നീട്ടിക്കിട്ടിയാൽ എല്ലാംകൊണ്ടും ഗുണം ചെയ്യും. അതിന് വേണ്ടിയുള്ള പ്രോപ്പർട്ടികളെക്കുറിച്ചുള്ള ചർച്ചയിൽ അടുത്ത ഷെഡ്യൂൾ ചിത്രീകരിക്കാൻ ഒരു സിംഹം വേണമെന്ന് ഞാൻ പറഞ്ഞു. സംഗതി നടക്കില്ല എന്നാണ് വിചാരിച്ചത്. രണ്ട് ദിവസങ്ങൾ കഴിഞ്ഞു. രാവിലെ എഴുന്നേറ്റപ്പോൾ താമസിക്കുന്ന ഹോട്ടലിന് മുന്നിൽ ഒരു ആൾക്കൂട്ടവും ബഹളവും. ജനൽ വാതിൽ തുറന്ന് പുറത്ത് നോക്കിയപ്പോൾ ഹോട്ടലിന് മുന്നിൽ നിർത്തിയിട്ട ലോറിയിൽ ഒരു കൂട്ടിൽ ഒരു സിംഹം. തമിഴ്നാടിന്റെ അതിർത്തിയിൽ ഒരാൾ വളർത്തുന്ന സിംഹത്തെ പ്രെഡാക്ഷൻ കൺട്രോളർ പ്രവീൺ പരപ്പനങ്ങാടി പൊക്കികൊണ്ടുവന്നതാണ്. മൂന്ന് ദിവസം ഷൂട്ട് ചെയ്യണം.
അടുത്ത ദിവസം ഭാരതപ്പുഴയുടെ തീരത്തിലൂടെ ഓടിവരുന്ന സിംഹത്തെ ചിത്രീകരിക്കാൻ പ്ലാൻ ചെയ്തു. സിംഹത്തിന്റെ അരയിൽ ഇരുമ്പ് കമ്പിക്കയർ കെട്ടി ക്യാമറയ്‌ക്ക് അടുത്തുനിന്ന് ഒരാൾ ഇറച്ചി കാണിക്കും. അപ്പോൾ കെട്ടിയ കമ്പി അയച്ചിട്ടാൽ സിംഹം അലറിക്കൊണ്ട് ഓടിവരും. സിംഹം ക്യാമറയ്‌ക്ക് അടുത്തെത്തുമ്പോൾ പിറകിൽ നിന്ന് കമ്പി വലിച്ച് പിടിച്ച് നിർത്തും. ഞാൻ ആക്ഷൻ പറഞ്ഞു, സിംഹം ക്യാമറയ്‌ക്ക് നേരെ കുതിച്ചു, ആ ഓട്ടത്തിന്റെ ശക്തിയിൽ സിംഹത്തിന് പിറകിൽ കെട്ടിയ കമ്പി വിട്ടുപോയി. ഞങ്ങൾ പേടിച്ചു വിറച്ചു. ഇറച്ചിയുമായി നിന്നയാൾ സിംഹത്തിന് നേരേ ഓടി. അതിന്റെ മുന്നിൽ ശ്വാസം വിടാതെ കമിഴ്ന്നു കടന്നു. സിംഹം അയാളെ കടിച്ചു കുടയുന്നത് കാണാൻ കഴിയാതെ ഞാൻ കണ്ണുപൊത്തി. സിംഹം അയാളെ മണക്കാൻ വന്നപ്പോൾ പിറകിൽ നിന്ന് വന്നയാൾ കെട്ടിയ തമ്പി വലിച്ചു പിടിച്ചു നിർത്തി. ശ്വാസം പിടിച്ചു നിന്നാൽ സിംഹം ഉപദ്രവിക്കില്ലത്രേ. ഇന്നാണെങ്കിൽ ഇത്തരം രംഗങ്ങൾ ഗ്രാഫിക്സ് വച്ച് ചെയ്യാം.'