crime

തൊടുപുഴ: വണ്ടിപ്പെരിയാറിൽ അമ്മയെയും മകളെയും മാനഭംഗപ്പെടുത്തി കൊന്ന കേസിലെ രണ്ടാം പ്രതിക്കും കഴിഞ്ഞ ദിവസം വധശിക്ഷ വിധിച്ചു. തൊടുപുഴ രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജി കെ.കെ. സുജാത യാണ് പീരുമേട് 57ാംമൈൽ പെരുവേലിൽപറമ്പിൽ ജോമോനെ (38) വധശിക്ഷയ്ക്ക് വിധിച്ചത്. ഒന്നാം പ്രതി വണ്ടിപ്പെരിയാർ ചുരക്കുളം പുതുവൽതടത്തിൽ രാജേന്ദ്രനെ (58) 2012 ൽ തൊടുപുഴ രണ്ടാം അഡീഷണൽ സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. 2007ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

വണ്ടിപ്പെരിയാറിൽ അമ്മയെയും മകളെയും ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് പുറത്തറിഞ്ഞത് കുഞ്ഞിന്റെ നിലവിളി കേട്ട്. സംഭവ ദിവസം ഉച്ചയ്ക്കുശേഷം നീനുവിന്റെ ഏഴ് മാസം പ്രായമുള്ള മകൻ വീട്ടുമുറ്റത്ത് കൂടി മുട്ടിലിഴഞ്ഞ് നടക്കുന്നതുകണ്ട അയൽവാസികളാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം ആദ്യം അറിയുന്നത്.

നേരം പുലരുവോളം അമ്മയും മുത്തശിയും ജീവനോടെയും അല്ലാതെയും ക്രൂരപീഡനങ്ങൾക്കിരയാകുമ്പോൾ കഥയൊന്നുമറിയാത്ത ആ കുരുന്ന് ജീവൻ എല്ലാത്തിനും മൂകസാക്ഷിയായിരുന്നു. പിന്നീട് എപ്പോഴോ മുലപ്പാലിന് വേണ്ടി അമ്മയെ തേടിയപ്പോൾ അവന്റെ ദീനരോദനം കേൾക്കാൻ ആരുമില്ലാത്തതുകൊണ്ടാവാം ജഗദീശ്വരൻ പകർന്നുനൽകിയ ഊർജം സംഭരിച്ച് അവൻ മുറ്റത്തെത്തിയത്. നാലടിയിലേറെ ഉയരമുള്ള കയ്യാലക്കെട്ടുകളാൽ തട്ടുകളായി തിരിച്ച ഭൂമിയിലാണ് കൊല നടന്ന വീട് സ്ഥിതി ചെയ്യുന്നത്. അമ്മയെ തേടിയുള്ള അലച്ചിലിനിടയിൽ ഏതെങ്കിലുമൊരു കയ്യാലിയിൽ നിന്ന് ആരും കാണാതെ വഴുതിവീണിരുന്നെങ്കിൽ ആ കുരുന്നുജീവനും ഒരു ദുരന്തമാകുമായിരുന്നു. അന്ന് ഉച്ചയ്ക്ക് ശേഷം കരഞ്ഞുതളർന്ന കുട്ടി കയ്യാലയ്ക്ക് സമീപത്തേക്ക് ഇഴഞ്ഞുനീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവീട്ടിലെ സ്ത്രീ ഓടിവന്ന് നോക്കിയപ്പോഴാണ് തലേരാത്രിയിലെ കൊടുംക്രൂരതയുടെ കഥകൾ വണ്ടിപ്പെരിയാർ നിവാസികൾ അറിയുന്നത്. പ്രതികൾ രണ്ടുപേരും സമീപവാസികൾ തന്നെയാണ്. രണ്ടാം പ്രതി ജോമോൻ നീനുവിനോട് മുമ്പ് പലതവണ അപമര്യാദയായി പെരുമാറാൻ ശ്രമിച്ചിരുന്നതായും കേസ് അന്വേഷണവേളയിൽ നാട്ടുകാർ സാക്ഷ്യപ്പെടുത്തിയിരുന്നു.