ഭോപ്പാൽ: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒട്ടും പ്രതീക്ഷയില്ലാത്ത സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു മദ്ധ്യപ്രദേശ്. എന്നാൽ ഫലം പുറത്തുവന്നതോടെ സ്ഥിതിഗതികൾ മാറിമറിഞ്ഞു. വൻ ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരത്തിൽ എത്തി. ഇതോടെ ബി.ജെ.പിക്ക് നഷ്ടമായത് 15 വർഷത്തെ ഭരണമായിരുന്നു.
ഭരണത്തിലേറിയതിന് പിന്നാലെ കാർഷിക കടങ്ങൾ എഴുതിത്തള്ളി മുഖ്യമന്ത്രി കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ബി.ജെ.പിയെ ഞെട്ടിച്ചു. ഇത് ജനങ്ങൾക്ക് സർക്കാരിൻമേലുള്ള പ്രതീക്ഷ വർദ്ധിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ബി.ജെ.പിയുടെ മുതിർന്ന നേതാക്കളും മുൻ എം.എൽ.എമാരും പാർട്ടി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറുന്നത്. മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ രമേശ് സക്സേനയും ഭാര്യ ഉഷയുമാണ് ഇപ്പോൾ ബി.ജെ.പി പാളയം വിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയത്. വരാനിരിക്കുന്ന ദിവസങ്ങളിൽ കൂടുതൽ ബി.ജെ.പി നേതാക്കളും എം.എൽ.എമാരും കോൺഗ്രസിലേക്ക് കൂടുമാറുമെന്നാണ് മുഖ്യമന്ത്രിയായ കമൽനാഥ് നൽകുന്ന വിശദീകരണം.
മദ്ധ്യപ്രദേശിലെ സേഹോർ മണ്ഡലത്തിൽ നിന്നും മൂന്ന് തവണ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചയാളാണ് സക്സേന. പാർട്ടി വിട്ട് സക്സേനയുടെ പോക്ക് ബി.ജെ.പിക്ക് കൂടുതൽ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
വ്യാഴാഴ്ച്ച വൈകിട്ടോടെയാണ് രമേശ് സക്സേനയും ഭാര്യ ഉഷയും കമൽനാഥിന്റെ സാന്നിദ്ധ്യത്തിൽ കോൺഗ്രസിൽ ചേർന്നത്. ഇവരോടൊപ്പം മഹിളാ മോർച്ച ജില്ലാ നേതാവ് പ്രേമലത റാത്തോഡ് സേഹോർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉർമിള മരീത എന്നിവരും കോൺഗ്രസിൽ അംഗത്വം എടുത്തിട്ടുണ്ട്. അധികാരം നഷ്ടപ്പെട്ട ബി.ജെ.പിയുടെ കൂടുതൽ നേതാക്കൾ കോൺഗ്രസിലേക്ക് ചേക്കേറുന്നതോടെ സംസ്ഥാനത്ത് ബി.ജെ.പിയുടെ അവസ്ഥ പരുങ്ങലിലാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.