sbi

തിരുവനന്തപുരം: ദേശീയപണിമുടക്ക് ദിവസം സെക്രട്ടേറിയേറ്റിന് സമീപത്തെ എസ്.ബി.ഐ ട്രഷറി അക്രമിച്ച മൂന്ന് എൻ.ജി.ഒ നേതാക്കൻമാരെ സസ്പെന്റ് ചെയ്തു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം സുരേഷ് ബാബു, ജില്ലാ നേതാക്കളായ സുരേഷ് കുമാർ, ശ്രീവത്സൻ എന്നിവർക്കെതിരെയാണ് നടപടി.

ഇവർക്കൊപ്പം റിമാന്റിലായ മറ്ര് മൂന്ന്പേർക്കെതിരെയും ഉടൻ നിയമ നടപടികൾ ഉണ്ടാകുമെന്നാണ് വിവരം. ഇവർക്കെതിരായ പൊലീസ് റിപ്പോർട്ട് അതാത് വകുപ്പുകളിലേക്ക് അയച്ചിട്ടുണ്ട്. ഇവർക്കെതിരെയുള്ള നടപടികൾ ഇന്ന് തന്നെ ഉണ്ടാകാനാണ് സാദ്ധ്യത.പൊതുമുതൽ നശീകരണ നിയമമനുസരിച്ചാണ് ഇവരുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. റിമാന്റിലായ അഞ്ച് പേരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്റ്റ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരിക്കുകയാണ്. എട്ട് പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനടുത്തുള്ള എസ്.ബി.ഐ ബ്രാഞ്ചാണ് ദേശീയ പണിമുടക്ക് ദിനത്തിൽ അക്രമികൾ അടിച്ചു തകർത്തത്. രണ്ട് ദിവസത്തെ പണിമുടക്കിൽ ആദ്യ ദിനം എസ്.ബി.ഐ ബ്രാഞ്ചുകൾ പ്രവർത്തിച്ചിരുന്നു. രാവിലെ ബാങ്കിന്റെ മുന്നിലെത്തിയ സമരാനുകൂലികൾ പ്രവർത്തനം നിർത്തണമെന്നാവശ്യപ്പെടുകയായിരുന്നു. തുടർന്ന് സെക്യൂരിറ്റി ജീവനക്കാർ സമരക്കാരെ തടഞ്ഞതോടെ സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു.