ഇറ്റാനഗർ: പൗരത്വ ബിൽ പാസായതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് തിരഞ്ഞെടുപ്പിൽ നേരിടാൻ പോകുന്നത്. ബില്ലിനെ എതിർത്ത് അരുണാചൽപ്രദേശിൽ ബി.ജെ.പിയുമായുള്ള സഖ്യം അസം ഗണപരിഷത്ത് ഉപേക്ഷിച്ചു. ഇതിന് പിന്നാലെ ഓരോ സംസ്ഥാനങ്ങളിലും ബി.ജെ.പിക്കെതിരെ സഖ്യകക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ബി.ജെ.പിയുടെ ഈ തിരിച്ചടികളെല്ലാം രാഷ്ട്രീയ നേട്ടങ്ങളാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. ഉയർന്നുവരുന്ന രാഹുൽ ഗാന്ധിയുടെ നേതൃപാഠവവും ഇതിന് സഹായകമാകുമെന്നാണ് കോൺഗ്രസ് കരുതുന്നത്.
ഇപ്പോഴിതാ അരുണാചൽപ്രദേശിൽ രണ്ട് നാഷണൽ പീപ്പിൾസ് പാർട്ടി എം.എൽ.എമാർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. തപാങ് തലോ, രാജേഷ് തച്ചോ എന്നീ എം.എൽ.എമാരാണ് കോൺഗ്രസിലേക്ക് ചേക്കേറിയത്. കോൺഗ്രസിലും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലും വിശ്വാസമർപ്പിച്ചാണ് ഇരുവരും അംഗത്വം സ്വീകരിച്ചതെന്ന് പി.സി.സി അദ്ധ്യക്ഷൻ തക്കാം സഞ്ജോയ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇവരോടൊപ്പം ബി.ജെ.പി മുൻ മന്ത്രിമാരായ കൊമോലി മൊസാങ്, ലിച്ചി ലേഖി എന്നിവരും കോൺഗ്രസിൽ ചേർന്നെന്ന് സഞ്ജോയ് വ്യക്തമാക്കി. ഇതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് മങ്ങലേൽപ്പിച്ചിരിക്കുകയാണ് ഈ കൊഴിഞ്ഞു പോക്ക്.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് ആശ്വാസം നൽകുന്ന നീക്കങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി ലീഡർ തകം പരിയോ വ്യക്തമാക്കി.