bindu-and-kanakadurga-

ന്യൂഡൽഹി: ശബരമല ദർശനം നടത്തിയ ബിന്ദുവിനും കനകദുർഗയ്‌ക്കും ആവശ്യമായ സുരക്ഷ നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ഇക്കാര്യം ഓരോ പൗരനും ഭരണഘടന ഉറപ്പ് നൽകുന്നതുമാണ്. ഇക്കാര്യം സംസ്ഥാന സർക്കാർ ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. തങ്ങൾക്ക് ആവശ്യമായ സുരക്ഷ നൽകാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിധി പുറപ്പെടുവിച്ച ശേഷം വിഷയത്തിൽ ഇതാദ്യമായാണ് കോടതി ഒരു ഹർജി പരിഗണിക്കുന്നത്. എന്നാൽ ഹർജിയിൽ ഇരുവരും ഉന്നയിച്ചിരുന്ന മറ്റ് ആവശ്യങ്ങൾ പരിഗണിക്കാൻ കോടതി തയ്യാറായില്ല.

ശബരിമലയിൽ ദർശനം നടത്തിയതിന് ശേഷം തങ്ങളുടെ ജീവന് ഭീഷണിയുള്ളതിനാൽ മുഴുവൻ സമയ സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇരുവരും കോടതിയെ സമീപിച്ചത്. എന്നാൽ ഇരുവരുടെയും ഹർജി പരിഗണിക്കരുതെന്ന് അയ്യപ്പ ഭക്തരുടെ ദേശീയ കൂട്ടായ്മ‌ ആവശ്യപ്പെട്ടു. ശബരിമല തീർത്ഥാടനം രണ്ട് ദിവസത്തിനുള്ളിൽ അവസാനിക്കുന്നതിനാൽ ഹർജി പരിഗണിക്കേണ്ടതില്ലെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ ഈ വാദം അംഗീകരിക്കാതിരുന്ന കോടതി ഹർജിക്കാർക്ക് വേണ്ടി ഹാജരായ ഇന്ദിരാ ജെയ്‌സിംഗിനോട് വിഷയം അവതരിപ്പിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇക്കാര്യത്തിൽ വാദം കേട്ട കോടതി ഹർജിക്കാരുടെ ആവശ്യം താത്‌കാലിമാണെന്ന് ചൂണ്ടിക്കാട്ടി തീർപ്പാക്കുകയായിരുന്നു. ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കേണ്ടത് ഭരണഘടനയിലെ മൗലിക അവകാശങ്ങളുടെ ഭാഗമാണ്. ഇക്കാര്യം ഉറപ്പ് വരുത്തേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്നാൽ സുരക്ഷ ആവശ്യപ്പെട്ട 51 യുവതികൾക്ക് ഇപ്പോഴും സുരക്ഷ നൽകുന്നുണ്ടെന്നാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്. ഇവരുടെ പേര് വിവരങ്ങൾ അടങ്ങിയ പട്ടികയും സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ചു. ഈ 51 പേരും ശബരിമല ദർശനത്തിനെത്തിയവരാണെന്നതും ശ്രദ്ധേയമാണ്. തുടർന്ന് ഇപ്പോൾ നൽകുന്ന സുരക്ഷ ഇനിയും തുടരണമെന്നും ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗൊഗോയ് അടങ്ങിയ ബെഞ്ച് സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു.എന്നാൽ ശബരിമല വിഷയത്തിലെ പുനപരിശോധന ഹർജിയോടൊപ്പം തങ്ങളുടെ ഹർജികൂടി പരിഗണിക്കണമെന്ന ഇവരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.