news

1. ദേശീയ പണിമുടക്ക് ദിവസം സെക്രട്ടേറിയറ്റിന് സമീപത്തെ സ്റ്റേറ്റ് ബാങ്ക് ഓഫീസ് ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി. മൂന്ന് എന്‍.ജി.ഒ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍. നടപടി, സംസ്ഥാന നേതാവായ സുരേഷ് ബാബു, ജില്ലാ നേതാക്കളായ സുരേഷ് കുമാര്‍, ശ്രീവത്സന്‍ എന്നിവര്‍ക്കെതിരെ. നേരത്തെ എസ്.ബി.ഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച കേസില്‍ ആറ് എന്‍.ജി.ഒ യൂണിയന്‍ നേതാക്കളെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

2. ട്രഷറി ഡയറക്ടറേറ്റിലെ ശ്രീവത്സന്‍, സിവില്‍ സപ്‌ളൈസ് ഉദ്യോഗസ്ഥന്‍ അനില്‍ കുമാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ ബിജു രാജ്, വിനു കുമാര്‍, എന്‍.ജി.ഒ യൂണിയന്‍ നേതാവ് സുരേഷ് ബാബു, സുരേഷ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനമായ ജനുവരി ഒന്‍പതിന് ആയിരുന്നു സെക്രട്ടേറിയറ്റിന് മുന്നിലെ എസ്.ബി.ഐ ട്രഷറി ബ്രാഞ്ച് 15 അംഗ സംഘം ആക്രമിച്ചത്.



3. ആലപ്പാട് കരിമണല്‍ ഖനനത്തിന് എതിരായ സമരം നടക്കുന്ന പ്രദേശത്ത് സന്ദര്‍ശനം നടത്തും എന്ന് മന്ത്രി ഇ.പി. ജയരാജന്‍. സമരക്കാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതാണ്. സമരം തുടരുന്നത് ദൗര്‍ഭാഗ്യകരം. പുതിയ ആവശ്യം വയ്ക്കുക്കുന്നത് ശരിയല്ല എന്നും മന്ത്രി ജയരാജന്‍. മന്ത്രി വിശദീകരണവുമായി രംഗത്ത് എത്തിയത്, ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്തതിനാല്‍ സമരവുമായി മുന്നോട്ട് പോകുമെന്ന് ഇന്നലെ സമരസമിതി വ്യക്തമാക്കിയ സാഹചര്യത്തില്‍. പ്രശ്ന പരിഹാരത്തിനായി സി വാഷിംഗ് ഒരു മാസത്തേക്ക് നിറുത്തി വയ്ക്കുമെന്ന് ഇന്നലെ സമരക്കാരുമായി ചര്‍ച്ച നടത്തിയ ശേഷം മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞിരുന്നു.

4. പ്രദേശത്ത് ഇന്‍ ലാന്‍ഡ് വാഷിംഗ് തുടരും. പ്രശ്നത്തെ കുറിച്ച് സമഗ്ര പഠനം നടത്താന്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കി. ഒരു മാസത്തിനുള്ളില്‍ വിദഗ്ധ സമിതി പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കണം. സി വാഷിംഗിലെ നിയന്ത്രണം വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ. ആലപ്പാട് പഞ്ചായത്തിനെ സുരക്ഷിതമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് പറഞ്ഞ മന്ത്രി ഖനനം ഉപേക്ഷിക്കാന്‍ ആവില്ലെന്ന നിലപാട് ആവര്‍ത്തിച്ചു. ആലപ്പാട്ടെ 16 കിലോമീറ്റര്‍ കടല്‍ ഭിത്തികള്‍ ശക്തിപ്പെടുത്താനും പുലിമുട്ടുകള്‍ നിര്‍മ്മിക്കാനും ഐ.ആര്‍.ഇയോട് ആവശ്യപ്പെടും എന്നും മന്ത്രി.

5. ഓര്‍ത്തഡോക്സ് - യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ പള്ളിത്തര്‍ക്കം രൂക്ഷമായ തൃശൂര്‍ മാന്ദാമംഗലം സെന്റ് മേരീസ് പള്ളി അക്രമത്തില്‍ ഓര്‍ത്തഡോക്സ് തൃശൂര്‍ ഭദ്രാസനാധിപന്‍ ഒന്നാം പ്രതി. യൂഹന്നാന്‍ മാര്‍ മിലിത്തിയോസ് അടക്കം ഉള്ളവര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്, വധശ്രമം, കലാപ ശ്രമം എന്നി വകുപ്പുകള്‍. അക്രമത്തില്‍ ഓര്‍ത്തഡോക്സ് വൈദികര്‍ അടക്കം മുപ്പതോളം പേര്‍ അറസ്റ്റില്‍.

6. അക്രമത്തില്‍ പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍. പള്ളിയില്‍ നിന്ന് ഇറങ്ങുന്ന യാക്കോബായ സഭ വിശ്വാസികളെയും അറസ്റ്റ് ചെയ്ത് നീക്കുന്നു. ഇതുവരെ കേസ് എടുത്തത് 120 പേര്‍ക്ക് എതിരെ. അക്രമത്തിന്റെ ഉത്തരവാദിത്തം പൊലീസിന് എന്ന് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാന്‍ മാര്‍ മിലിത്തിയോസ്.

7. അവകാശത്തര്‍ക്കം നടക്കുന്ന സെന്റ്‌മേരീസ് പള്ളിയില്‍ അക്രമം ഉണ്ടായത് ഇന്നലെ അര്‍ദ്ധ രാത്രിയോടെ. കല്ലേറില്‍ പള്ളിയുടെ ചില്ലുകള്‍ തകര്‍ന്നു. ഗേറ്റും തകര്‍ന്നിട്ടുണ്ട്. പള്ളി സംഘര്‍ഷത്തില്‍ കളക്ടര്‍ രണ്ട് വിഭാഗങ്ങളേയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

8. ബഡ്ജറ്റ് സമ്മേളനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കൊടുവള്ളി നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിതുറക്കും. ഇടത് സ്വതന്ത്രന്‍ കാരാട്ട് റസാഖിന്റെ നിയമസഭ അംഗത്വം റദ്ദാക്കിയ ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അഴീക്കോട് എം.എല്‍.എ കെ.എം. ഷാജിയുടെ കാര്യത്തില്‍ എടുത്ത നിലപാട് തന്നെ ആയിരിക്കും കാരാട്ട റസാഖിന്റെ കാര്യത്തിലും ഉണ്ടാകുക എന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു.

9. എതിര്‍ കക്ഷിയെ വ്യക്തിഹത്യ നടത്തി എന്ന പരാതിയില്‍ കാരാട്ട് റസാഖിന്റെ നിയമസഭ അംഗത്വം ഹൈക്കോടതി റദ്ദാക്കിയത് ഇന്നലെ. മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയായ എം.എ റസാഖിന് എതിരെ വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച്ചത് ബോധ്യപ്പെട്ടതായി ഹൈക്കോടതി. ഉത്തരവ്, കൊടുവള്ളിയിലെ രണ്ട് വോട്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയില്‍. അതേസമയം, എം.എ റസാഖിനെ വിജയി ആയി പ്രഖ്യാപിക്കണം എന്ന വാദം കോടതി അംഗീകരിച്ചില്ല. പരാതി രാഷ്ട്രീയ പകപോക്കലിന്റെ ഭാഗം എന്നും ആരെയും വ്യക്തിഹത്യ ചെയ്തിട്ടില്ലെന്നും ഇടത് സ്വതന്ത്രന്‍ കാരാട്ട് റസാഖ്.

10. കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ പൊലീസ് അന്വേഷണ സംഘം വിപുലീകരിച്ചു. കേസ്, ക്രൈംബ്രാഞ്ച്- ലോക്കല്‍ പൊലീസ് സംയുക്ത സംഘം അന്വേഷിക്കും എന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ്. അന്വേഷണം രവി പൂജാരയെ കേന്ദ്രീകരിച്ച് തന്നെ എന്നും പൊലീസ്. അന്വേഷണം വ്യാപിപ്പിക്കുന്നത്, അധോലോക നായകന്‍ രവി പൂജാരി തന്നെ ഭീഷണിപ്പെടുത്തി എന്ന നടി ലീന മരിയ പോളിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍. വെടിവയ്പ്പ് കേസ് ഒത്തുതീര്‍പ്പ് ആയിട്ടില്ല. കേസ് അന്വേഷണത്തില്‍ പരാതി ഇല്ല എന്നും ലീന മരിയ പോള്‍.

11. നടിയും സ്ഥാപന ഉടമയുമായ ലീന മരിയ പോളിന്റെ ഉടമസ്ഥതയില്‍ കൊച്ചി പനമ്പിള്ളി നഗറിലുള്ള സ്ഥാപനത്തിന് നേരെ വെടിവയ്പ്പ് ഉണ്ടായത് കഴിഞ്ഞ ഡിസംബര്‍ 15ന്. ഹെല്‍മറ്റ് കൊണ്ട് മുഖം മറച്ച് ബൈക്കില്‍ എത്തിയ രണ്ടംഗ സംഘം വെടിവച്ച ശേഷം മടങ്ങുക ആയിരുന്നു. കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ പേരില്‍ കുറിപ്പെഴുതി വച്ച ശേഷമാണ് സംഘം കടന്നത്. അതേസമയം, കേസില്‍ പ്രതികളെ കുറിച്ച് തുമ്പില്ലാതെ പൊലീസ്.