പിറവം: എറണാകുളം പാമ്പാക്കുടയിൽ വീട്ടമ്മയ്ക്കും മക്കൾക്കും നേരെ നടന്ന ആസിഡ് ആക്രമണത്തിൽ പ്രതികളെന്നു സംശയിക്കുന്ന രണ്ടാം ഭർത്താവ് റെനിയും ബംഗാൾ സ്വദേശിയായ ഇരുപതുകാരനും പൊലീസ് പിടിയിലായി. തെളിവെടുപ്പിനു ശേഷം പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടാകുമെന്ന് രാമമംഗലം എസ്.ഐ എബി പറഞ്ഞു. അടച്ചുറപ്പില്ലാത്ത ഒറ്റമുറി വാടക വീട്ടിൽ കഴിയുന്ന വിധവയായ സ്മിതയ്ക്കും നാല് മക്കൾക്കും നേരെയാണ് പുലർച്ചെ ആസിഡ് ആക്രമണമുണ്ടായത്. സ്മിത, മൂത്ത മകൻ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി നെവിൻ, സ്മിജ, സ്മിന, സ്മിനു എന്നിവരെ കോട്ടയം ഇ.എസ്.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവതിയും മക്കളും കോട്ടയം ഇ.എസ്.ഐ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളിൽ ഒരാളുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു. ബുധനാഴ്ച ഉച്ചയോടെയാണ് ആദ്യം ആക്രമണം ഉണ്ടാകുന്നത്. ഉച്ചയ്ക്ക് ഇവർ താമസിക്കുന്ന വാടക വീട്ടിന് ആരോ തീയിട്ടിരുന്നു. ഈ സമയം ആരും സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
സംഭവ ദിവസം രാത്രി വീട്ടമ്മയും മക്കളും ഇതേ വീട്ടിലാണ് ഉറങ്ങിയത്. പുലർച്ചെ മൂന്നുമണിയോടെയാണ് ജനൽവഴി ആസിഡ് ആക്രമണം ഉണ്ടായത്. മെഡിക്കൽ കോളേജിൽനിന്ന് വിദഗ്ധ ഡോക്ടറെത്തിയാണ് കുട്ടികൾക്ക് ചികിത്സ നൽകിയത്.