തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിന്റെ പിൻബലത്തിൽ അഗസ്ത്യനെ കണ്ടിറങ്ങിയ ധന്യ സനൽ നിശ്ചയദാർഢ്യത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രതീകമാകുമ്പോൾ ഇങ്ങനെയൊരു ഉത്തരവിന് വേണ്ടി വർഷങ്ങൾക്കുമുമ്പ് തന്നെ മുന്നിട്ടിറങ്ങിയ ഒരുകൂട്ടം പെണ്ണുങ്ങളും ചരിത്രമാകുകയാണ്. ആദ്യദിവസം ലക്ഷ്യം കണ്ടവരെ ലോകം വാഴ്‌ത്തുമ്പോൾ അതിലേക്കെത്താൻ വഴിവെട്ടിയവരുടെ വാക്കുകളും കേൾക്കപ്പെടണം. ഇന്ന് രാവിലെ അവരും കയറുകയാണ് അഗസ്‌ത്യനെക്കാണാൻ. ഒമ്പതു സ്ത്രീകളും ഒരു പുരുഷനുമടങ്ങുന്ന 10 പേരുടെ സംഘം ബോണക്കാടുനിന്നുമാണ് യാത്രപുറപ്പെട്ടത്.
രണ്ട് വർഷത്തോളം നീണ്ടുനിന്ന നിയമപോരാട്ടങ്ങൾക്കൊടുവിലാണ് അദ്ധ്യാപികയും ആക്ടിവിസ്റ്രുമായ ദിവ്യ ദിവാകരനടക്കമുള്ള പെൺകൂട്ടം സ്ത്രീകൾക്കും അഗസ്‌ത്യാർകൂടത്തിലെത്താം എന്നുള്ള അനുകൂല ഉത്തരവ് വാങ്ങിയത്. ആദ്യദിവസം രജിസ്ട്രേഷനിൽ കടന്നുകൂടാൻ പറ്റിയിരുന്നില്ല എങ്കിലും തുടർച്ചയായ പരിശ്രമം വിജയിക്കുകയായിരുന്നു. ഒരുകൂട്ടം പെണ്ണുങ്ങളുടെ വിജയഗാഥയെക്കുറിച്ച് കൂട്ടായ്മയുടെ നേതൃനിരയിലുള്ള ദിവ്യ ദിവാകരൻ സംസാരിക്കുന്നു.
നിയമയുദ്ധത്തിന് പിന്നിൽ
ചില്ല എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി 2016ലാണ് അഗസ്ത്യാർകൂട ട്രക്കിംഗിനായുള്ള വനംവകുപ്പിന്റെ അറിയിപ്പ് കിട്ടുന്നത്. കണ്ടപ്പോൾ താത്പര്യം തോന്നി. പക്ഷേ, പിന്നീടാണ് സ്ത്രീകൾക്കും 14 വയസിന് താഴെയുള്ള കുട്ടികൾക്കും പ്രവേശനമില്ലെന്ന് മനസിലാകുന്നത്. തുടർന്ന് കുറേയെറെ ചർച്ചകളും സംവാദങ്ങളുമൊക്കെ ഈ വിഷയത്തിൽ നടന്നിരുന്നു. അടുത്തവർഷം പ്രവേശനം അനുവദിക്കാമെന്ന് മന്ത്രിയടക്കമുള്ളവർ ഉറപ്പുതരികയും ചെയ്തതാണ്. ''അഗസ്ത്യനെ കാണാം" എന്നൊരു വാട്ട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി ഞങ്ങൾ കുറേപ്പേർ കാത്തിരുന്നു. പക്ഷേ, 2017 ലെ അറിയിപ്പ് കിട്ടിയപ്പോഴും പഴയതുതന്നെയായിരുന്നു അവസ്ഥ. പിന്നീട് നിരന്തരമായ സമരങ്ങളും ചർച്ചകളും നടന്നു. ഒടുവിൽ കയറാനുള്ള അനുവാദം കിട്ടി. പക്ഷേ, കാണിസമുദായത്തിന്റെ സ്റ്റേ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവും ഒപ്പംവന്നിരുന്നു. അങ്ങനെയാണ് 2017 ഫെബ്രുവരിയിൽ സുൽഫത്ത് ടീച്ചർ അടക്കമുള്ളവർ കോടതിയെ സമീപിക്കുന്നത്.
എന്തുകൊണ്ട് ആദ്യമെത്തിയില്ല
ട്രക്കിംഗിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഓരോതവണയും വെറും രണ്ടുമണിക്കൂറിനുള്ളിൽതന്നെ അവസാനിക്കുമായിരുന്നു. ഞങ്ങൾ ഓരോതവണയും ശ്രമിക്കുകയായിരുന്നു. ട്രക്കിംഗിൽ മുന്നനുഭവമുള്ളവരാണ് കൂട്ടത്തിൽ കൂടുതലുമുള്ളത്. കേരളത്തിലെ ഒട്ടുമിക്ക ട്രംക്കിംഗ് മേഖലകളിലും സന്ദർശിച്ചിട്ടുള്ളവരുണ്ട്. പക്ഷേ, മണിക്കൂറുകൾ ശ്രമിച്ചിട്ട് മാത്രമാണ് ഞങ്ങൾക്ക് പാസ് സംഘടിപ്പിക്കാനായത്. അതും പലരും പലദിവസങ്ങളിലായിട്ട്. വീണ്ടും കുറേയേറെ ശ്രമിച്ചിട്ടാണ് കുറച്ചുപേർക്ക് ഒന്നിച്ച് കിട്ടിയത്. പിന്നെ ഞങ്ങൾ പ്രിവിലേജുള്ളവരല്ലല്ലോ. അതുകൊണ്ട് ഞങ്ങൾക്ക് ചരിത്രം സൃഷ്ടിക്കാൻ കഴിയാതെ പോയി എന്നൊന്നും കരുതുന്നില്ല. കാരണം, ഇതിനുവേണ്ടി വർഷങ്ങളായി മുന്നിട്ടിറങ്ങിയതും സമരങ്ങളും ചർച്ചകളും നടത്തിയതും എതിർപ്പുകൾ നേരിട്ടതും ഞങ്ങൾ കുറച്ചുപേരായിരുന്നു. ഈ സീസണിൽ കയറുന്ന ഓരോ സ്ത്രീകളും ചരിത്രത്തിന്റെ ഭാഗം തന്നെയാണ്.
പ്രിവിലേജ്?
അതെ, ആദ്യംകയറിയവരുടെ ആത്മാർത്ഥതയേയും അർപ്പണബോധത്തെയും പൂർണമായി മാനിക്കുന്നു. എന്നാൽ, അതിനുവേണ്ടി വഴിതുറന്നവർക്ക് പാസ് കിട്ടാതെവരികയും ഉയർന്ന അധികാരസ്ഥാനമുള്ളവർക്ക് അത് വളരെ എളുപ്പത്തിൽ തന്നെ കിട്ടുകയും ചെയ്തത് പ്രിവിലേജിന്റെ പ്രശ്നമാണല്ലോ. അതല്ലാതെ കഴിവില്ലാത്തതുകൊണ്ടോ ശാരീരിക ക്ഷമതയില്ലാത്തതുകൊണ്ടോ ആണ് അതിനു കഴിയാതെ പോയതെന്ന് ഞങ്ങൾ കരുതുന്നില്ല.
തയാറെടുപ്പുകൾ നേരത്തെ
അഗസ്ത്യാർകൂടത്തിലേക്കുള്ള ട്രംക്കിംഗിനായി ഞങ്ങൾ 12പേരുടെ ലിസ്റ്റ് ആദ്യഘട്ടത്തിൽ തന്നെ സമർപ്പിച്ചിരുന്നു. അന്നത് നടക്കാതെപോയി. ശരിക്കും വിധിവന്നതിനുശേഷമല്ല, രണ്ട് വർഷം മുമ്പ് തന്നെ ഞങ്ങൾ തയാറെടുത്തിരുന്നു. പിന്നെ ഇപ്പോൾ ശാരീരികമായും മാനസികമായും ഞങ്ങളതിന് തയാറെടുത്ത് കഴിഞ്ഞു.
50 ന് മുകളിൽ മൂന്ന് പേർ
ഒമ്പതു സ്ത്രീകളുടെ സംഘത്തിൽ മൂന്ന് പേർ 50 വയസിന് മുകളിലുള്ളവരാണ് എന്നുള്ളതാണ് ഇന്നത്തെ ട്രക്കിംഗിന്റെ ഏറ്റവും വലിയ പ്രത്യേക. സുൽഫത്ത്, അഡ്വ.സിസിലി, കെ.എം. രമ എന്നിവരാണ് അത്. ചരിത്രം സൃഷ്ടിക്കുന്നതിലുപരി പരിശ്രമിക്കുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം. കഴിയാവുന്നിടത്തോളം നന്നായി പരിശ്രമിക്കുക. അത്രതന്നെ. ഇവരെക്കൂടാതെ ഷൈനി, ജിഷ, ഷേർളി, ദിവ്യ, മീര, രജിത, സചിത്ര എന്നിവരാണ് സംഘത്തിലുള്ളത്.
ഒന്നിച്ചുനിന്ന കൂട്ടായ്‌മകൾ
കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്വേഷി, മലപ്പുറത്തുനിന്നുള്ള വിംഗ്സ് ഒഫ് കേരള, കോട്ടയത്തുനിന്നുള്ള പെണ്ണൊരുമ എന്നീ സംഘടനകളാണ് അഗസ്ത്യാർ കൂടത്തിലേക്കുള്ള പെണ്ണുങ്ങളുടെ വഴിയൊരുക്കാൻ മുന്നിൽ നിന്നവർ. ഒരേ ആഗ്രഹവുമായി പല സ്ഥലത്തുനിന്നും വന്ന ഞങ്ങളെ ഒന്നിപ്പിച്ചുനിറുത്തിയത് അഗസ്ത്യനെന്ന സൗന്ദര്യമാണ്. ദിവ്യ പറയുന്നു.
മുറിവാക്ക്: ''രാമ രഘുരാമ നാമിനിയും നടക്കാം, രാവിന്നു മുമ്പേ കലൻക്കാട് താണ്ടാം, നോവിന്റെ ശൂലമുന മുകളിൽ കരേറാം, നാരായ ബിന്ദുവിലഗസ്ത്യനെ കാണാം…’ മധുസൂദനൻ നായർ (അഗസ്ത്യഹൃദയം)