ജയ്‌പൂർ: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ മുഗൾ ചക്രവർത്തി ഒൗറംഗസേബുമായി താരതമ്യം ചെയ്ത ബി.ജെ.പി രാജസ്ഥാൻ വൈസ് പ്രസിഡന്റ് ഗ്യാൻ ദേവ് അഹൂജ രംഗത്ത്. കോൺഗ്രസ് സാമ്രാജ്യം അതിന്റെ അവസാനത്തിലേക്ക് കടക്കുകയാണെന്ന് ഗ്യാൻ ദേവ് അഹൂജ പറഞ്ഞു. മുഗൾ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്നു ഒൗറംഗസേബിനെ പോലെ കോൺഗ്രസ് സുൽത്താനേറ്റിന്റെ അവസാനത്തെ ചക്രവർത്തിയായി രാഹുൽ ഗാന്ധി മാറുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
മുഗൾ സാമ്രാജ്യത്തിന്റെ അവസാനത്തെ ചക്രവർത്തി ഔറംഗസേബ് ആയിരുന്നില്ല. അദ്ദേഹം മരണപ്പെട്ടത് 1707ലാണ്. അവസാനത്തെ മുഗൾ ഭരണാധികാരി ബഹദൂർ ഷാ സഫർ അയിരുന്നു. എന്നാൽ ഔറംഗസേബിന് ചക്രവർത്തിയായതിന് ശേഷം മുഗൾ സാമ്രാജ്യം ശിഥിലമാകുകയാണ് ചെയ്തത്. അതുപോലെയായിരിക്കും രാഹുൽ ഗാന്ധിക്ക് ശേഷം കോൺഗ്രസിന്റെ അവസ്ഥയെന്ന് ഗ്യാൻ ദേവ് അഹൂജ പറഞ്ഞു.
വിവാദ പ്രസ്താവനകൾ നടത്തുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന നേതാവാണ് ഗ്യാൻ ദേവ് അഹൂജ. മൂന്ന് തവണ എം.എൽ.എ ആയിട്ടുള്ള ഗ്യാൻ ദേവ് അഹൂജ തന്റെ പ്രസ്താവനകൾ കാരണം മുൻപും വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. പശുക്കടത്തുകാർ കൊല്ലപ്പെടേണ്ടവരാണെന്നായിരുന്നു കഴിഞ്ഞ വർഷം അഹൂജയുടെ പ്രസ്താവന. ജെ.എൻ.യു വിൽ നിന്ന് എല്ലാ ദിവസവും ആയിരക്കണക്കിന് ഗർഭനിരോധന ഉറകളും ഗർഭചിദ്രത്തിനുള്ള കുത്തിവെപ്പുകളും മദ്യക്കുപ്പികളും കിട്ടാറുണ്ടെന്ന പ്രസ്താവനയും വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഡൽഹിയിൽ നടക്കുന്ന പകുതി ബലാത്സംഗങ്ങളും ചെയ്യുന്നത് ജെ.എൻ.യു വിദ്യാർത്ഥികളാണെന്നും അഹുജ അഭിപ്രായപ്പെട്ടിരുന്നു.