ന്യൂഡൽഹി: ശബരിമലയിൽ ഏത് പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്ക് ശേഷം 51 യുവതികൾ ശബരിമല ദർശനം നടത്തിയെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇവരുടെ പേര് വിവരങ്ങൾ അടങ്ങിയ പട്ടിക സർക്കാർ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ്, തമിഴ്നാട് സ്വദേശികളാണ് പട്ടികയിൽ ഏറെയുമുള്ളത്. തമിഴ്നാട് സ്വദേശികളായ 24 പേർ ദർശനം നടത്തിയെന്നും സർക്കാർ പറയുന്നു. തങ്ങൾക്ക് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ബിന്ദുവും കനകദുർഗയും നൽകിയ ഹർജിയിലാണ് സംസ്ഥാന സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്. എന്നാൽ എത്ര പേർ കയറിയെന്നത് തങ്ങളുടെ വിഷയമല്ലെന്ന് ചൂണ്ടിക്കാട്ടി ഇക്കാര്യം കോടതി പരിഗണിച്ചില്ല.
കേരളത്തിൽ നിന്നുള്ള ആരുടെയും പേര് വിവരങ്ങൾ പട്ടികയിൽ ഇല്ലെന്നത് ശ്രദ്ധേയമാണ്. ഓൺലൈനിൽ റജിസ്റ്റർ ചെയ്ത് എത്തിയ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികളുടെ വിവരങ്ങളാണ് സർക്കാർ സമർപ്പിച്ചതെന്നാണ് വിവരം. ഇവരിൽ ഏറെയും 40 വയസിന് മുകളിലുള്ളവരാണ്. എന്നാൽ 51 യുവതികൾ കയറിയെന്ന പട്ടിക സമർപ്പിച്ചത് സംസ്ഥാന സർക്കാരിന് വിശദീകരിക്കേണ്ടി വരും.
അതേസമയം,51 യുവതികൾ മലകയറിയെന്ന വിവരം ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും സ്ഥിരീകരിച്ചു. ശബരിമലയിലെത്തിയ യുവതികളുടെ പട്ടിക തങ്ങളുടെ കയ്യിലുണ്ടായിരുന്നു. ഇത് കോടതിയിൽ സമർപ്പിക്കു മാത്രമാണ് ചെയ്‌തത്. ഓൺലൈൻ ബുക്കിംഗ് വഴിയാണ് ഇവരെത്തിയത്. ഏതാണ്ട് 7564 പേർ രജിസ്‌റ്റർ ചെയ്‌തിരുന്നു. ഇതിൽ 51 പേർ മാത്രമാണ് വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ സെപ്‌തംബർ 28ന് ശേഷം പ്രായം പരിശോധിക്കുന്ന സംവിധാനം ശബരിമലയിൽ ഇല്ലാത്തതിനാൽ ആരൊക്കെ പ്രവേശിച്ചുവെന്ന് വ്യക്തമല്ലെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.