kanakadurga

കോഴിക്കോട്: ശബരിമല ദർശനം നടത്തിയ മലപ്പുറം സ്വദേശി കനകദുർഗ മാനസികരോഗിയാണെന്ന് സഹോദരൻ ഭരത് ഭൂഷന്റെ പ്രതികരണം. ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ കനകദുർഗയെ വീട്ടിൽ കയറ്റില്ലെന്നും സഹോദരൻ ഭരത് ഭൂഷൺ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.

നേരത്തെ, പെരുന്തൽമണ്ണയിലെ വീട്ടിലെത്തിയ തന്നെ ഭർതൃമാതാവ് മർദ്ദിച്ചുവെന്ന ആരോപണവുമായി കനകദുർഗ രംഗത്തെത്തിയിരുന്നു. വീട്ടിലെത്തിയ ഉടൻ ഭർത്താവിന്റെ ബന്ധുക്കൾ ചേർന്ന് മർദ്ദിക്കുകയായിരുന്നെന്നും ഭർത്താവിന്റെ അമ്മയാണ് ആദ്യം മർദ്ദിച്ചതെന്നും കനകദു‌ർഗ ആരോപിച്ചു. മർദ്ദനമേറ്റ കനകദുർഗയെ പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പൊലീസാണ് കനകദുർഗയെ ആശുപത്രിയിലേയ്‌ക്ക് പ്രവേശിപ്പിച്ചത്.

യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് ശേഷം ജനുവരി രണ്ടിനാണ് കനകദുർഗയും ബിന്ദുവും ശബരിമലയിൽ ദർശനം നടത്തിയത്. മഫ്‌തിയിലുള്ള പൊലീസിന്റെ അകമ്പടിയിൽ കറുത്ത വസ്ത്രം ധരിച്ച്, ഇരുമുടിക്കെട്ടില്ലാതെ, മുഖംമറച്ചാണ് ഇവർ മലകയറിയത്. പമ്പയിൽ നിന്ന് സന്നിധാനത്തെ ആശുപത്രിയിലേയ്‌ക്കുള്ള ആംബുലൻസിലാണ് ഇവരെ എത്തിച്ചതെന്നും വിവരമുണ്ട്. നിലയ്‌ക്കലിൽ നിന്ന് മടങ്ങിയ വഴിയിലും ഇവർക്ക് സുരക്ഷ നൽകി. ശബരിമലയിലേക്കുള്ള യാത്രയിൽ ആരും ഇവരെ തിരിച്ചറിഞ്ഞില്ല. ഒരിടത്തും പ്രതിഷേധവും നേരിടേണ്ടിവന്നില്ല. അതേസമയം, യുവതീ പ്രവേശം ആചാരലംഘനമായി കണക്കാക്കി ശുദ്ധിക്രിയകൾ സന്നിധാനത്ത് നടത്തിയിരുന്നു.