ന്യൂഡൽഹി: ആസ്ട്രേലിയയിലെ ടെസ്റ്റുപരമ്പരയിൽ ഇന്ത്യയുടെ സൂപ്പർതാരമായിരുന്നു യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്. ബാറ്റുകൊണ്ടും നാവുകൊണ്ടും ആസ്ട്രേലിയയിൽ തിളങ്ങിയതോടെ ഇന്ത്യൻ ആരാധകരുടെ കണ്ണിലുണ്ണിയായി ഇൗ ഇരുപത്തൊന്നുകാരൻ .ഇദ്ദേഹത്തെ ഏറ്റവും സന്തോഷിപ്പിക്കുന്ന കാര്യം എന്തായിരിക്കും?ആലോചിച്ച് തലപുകയ്ക്കേണ്ട. പന്ത് തന്നെ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ അതിനുള്ള ഉത്തരം നൽകുന്നു. കാമുകിയെ ആലിംഗനം ചെയ്യുക.
കാമുകി ഇഷാ നേഗിയെ ആലിംഗനം ചെയ്തു നിൽക്കുന്ന ചിത്രം പങ്കുവച്ച് ഋഷഭ് പന്ത് കുറിച്ചത് ഇങ്ങനെയായിരുന്നു - ഞാൻ ഏറെ സന്തോഷവാനായിരിക്കുന്നതിനുകാരണം നീയായതുകൊണ്ട് നിന്നെ ഞാൻ സന്തോഷിപ്പിക്കുന്നു.
ഇതേ ചിത്രം പങ്കുവച്ച് ഇഷാ നേഗി ഇൻസ്റ്റാഗ്രാമിൽ പന്തിനെക്കുറിച്ച് എഴുതിയത് പ്രേമാർദ്രമായ വാചകങ്ങളായിരുന്നു. എന്റെ പ്രാണപ്രിയാ... എന്റെ കൂട്ടുകാരാ.. എന്റെ ജീവിതത്തിന്റെ പ്രണയമാണ് നീ.. എന്നായിരുന്നു ഇഷയുടെ വാചകങ്ങൾ. വ്യവസായ സംരംഭകയും ഇന്റീരിയർ ഡിസൈനറുമാണ് ഇഷ.
ടെസ്റ്റ് പരമ്പരയിലുടനീളം സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്ത പന്ത് സിഡ്നി ടെസ്റ്റിലെ സെഞ്ച്വറിയോടെയാണ് സൂപ്പർ താരമായത്.
പരമ്പരയിലെ എല്ലാ ഇന്നിംഗ്സിലും ഇരുപത്തഞ്ച് റൺസിനുമുകളിൽ സ്കോർചെയ്ത ഒരേയൊരു താരമായ പന്താണ് പരമ്പരയിലെ റൺവേട്ടക്കാരിൽ രണ്ടാംസ്ഥാനത്ത്. ടെസ്റ്റ് പരമ്പരക്കുശേഷം ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് പന്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്.