kasarkode

കാസർകോട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 'കാമുകിയെ' തേടി കാസർകോട്ടെത്തിയ തലശേരിക്കാരന് കിട്ടിയത് "മുട്ടൻപണി". തലശേരിയിൽ നിന്നും അമ്പലത്തറയിൽ എത്തിയ അറുപതുകാരനാണ് ഓട്ടോറിക്ഷ ഡ്രൈവർമാർ പണികൊടുത്തുവിട്ടത്. അമ്പലത്തറയിൽ 'ഗൾഫുകാരന്റെ ഭാര്യ'യെ തേടിയാണ് തലശേരിക്കാരൻ എത്തിയത്. ചാറ്റിംഗിലൂടെ അമ്പലത്തറ 'യുവതി' തന്റെ ഭർത്താവ് ഗൾഫിലാണെന്നും മകളും താനും വീട്ടിൽ തനിച്ചാണെന്നും കാമുകനെ അറിയിച്ചു. ഇതോടെ പ്രണയപരവശനായ കാമുകന് കാമുകിയെ കാണണമെന്ന ആഗ്രഹം കലശലായി.

രണ്ടു ദിവസം തങ്ങാനുള്ള വസ്ത്രങ്ങളും ഉൾപ്പെടെ എല്ലാ തയ്യാറെടുപ്പുകളോടും കൂടി കാമുകൻ തലശേരിയിൽ നിന്നും അമ്പലത്തറയിലേക്ക് തിരിച്ചു. അമ്പലത്തറയിൽ ബസിറങ്ങിയാൽ താൻ സ്ഥിരമായി യാത്ര ചെയ്യുന്ന ഓട്ടോറിക്ഷ ഡ്രൈവർ കാത്തു നിൽക്കുമെന്നും ആ ഡ്രൈവർ റിക്ഷയിൽ വീട്ടിലേക്കെത്തിക്കുമെന്നും കാമുകി പറഞ്ഞതുപോലെ ബസിറങ്ങിയപ്പോൾ കാത്തു നിന്ന ഓട്ടോറിക്ഷയിൽ കയറുകയും ചെയ്തു.

ഓട്ടോറിക്ഷ നേരെ പോയത് ഏതാനും യുവാക്കൾ കാത്തു നിൽക്കുകയായിരുന്ന ആളൊഴിഞ്ഞ പറമ്പിലേക്കായിരുന്നു. പന്തികേട് തോന്നിയ തലശേരിക്കാരൻ കാമുകിയുടെ ഫോണിലേക്ക് വിളിച്ചപ്പോൾ ഫോണിന്റെ ബെല്ല് മുഴങ്ങിയത് ഓട്ടോറിക്ഷാ ഡ്രൈവറുടെ ഫോണിൽ നിന്നായിരുന്നു. പിന്നെ അവിടെ നടന്നത് അടിയുടെ പൊടിപൂരമായിരുന്നു. അപ്പോൾ മാത്രമായിരുന്നു താൻ കാമുകിയാണെന്ന് കരുതി ഇത്രയും നാൾ ചാറ്റിംഗ് നടത്തിയത് ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവുമായാണെന്ന് തിരിച്ചറിഞ്ഞത്. യുവാക്കൾ കൈകാര്യം ചെയ്ത ശേഷം തലശേരിക്കാരനെ അമ്പലത്തറ പൊലീസിന് കൈമാറി.