ലണ്ടൻ: എന്റെ രക്തത്തിൽ നിന്ന് ഉണ്ടാക്കിയ മോയിസ്ചറൈസറാണ് ഞാൻ ഉപയോഗിക്കുന്നത്. ലോകപ്രശസ്ത ഫാഷൻ ഡിസൈനറും മുൻ ബ്രിട്ടീഷ് ഫുട്ബാൾതാരവുമായ ഡേവിഡ്ബെക്കാമിന്റെ ഭാര്യ വിക്ടോറിയ ബെക്കാമിന്റേതാണ് ഇൗ വെളിപ്പെടുത്തൽ.ഇൻസ്റ്റാഗ്രാമിലൂടെയാണ് വിക്ടോറിയ ആരാധകർക്കായി ഇക്കാര്യം പുറത്തുവിട്ടത്.
കോസ്മെറ്റിക് ചികിത്സയ്ക്ക് പേരുകേട്ട ഡോക്ടർ ബാർബറ സ്റ്റം ആണ് ഈ ആന്റി ഏജിംഗ് ക്രീം നിർമ്മിച്ചതെന്നാണ് വിക്ടോറിയ പറയുന്നത്. വാംപയർ ഫേഷ്യൽ എന്ന പോപ്പുലർ ട്രെൻഡിലൂടെ ലോകപ്രശസ്തയായ ഡോക്ടറാണ് ബാർബറ സ്റ്റം. തൊലിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഘടകങ്ങൾ രക്തകോശങ്ങളിൽ നിന്ന് വേർതിരിച്ചാണ് ക്രീം ഉണ്ടാക്കിയത്. രാത്രി ക്രീം പുരട്ടിയാണ് ഉറങ്ങുന്നത്. രാവിലെ മുഖം വൃത്തിയാക്കും. ക്രീം ഉപയോഗിച്ചതിനുശേഷം അഭൂതപൂർവമായ മാറ്റമാണ് തന്റെ ത്വക്കിലുണ്ടായതെന്നാണ് വിക്ടോറിയ പറയുന്നത്. അതോടെ മറ്റ് ക്രീമുകൾ ഉപയോഗിക്കുന്നത് നിറുത്തി.
ക്രീമുണ്ടാക്കാൻ ഒന്നേകാൽ ലക്ഷത്തോളം രൂപയാണ് ചെലവായത്. എന്നാൽ ക്രീമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ വിക്ടോറിയ തയ്യാറല്ല. വയസ് നാൽപ്പത്തിനാലായെങ്കിലും വിക്ടോറിയെ കണ്ടാൽ മുപ്പതിനപ്പുറം തോന്നില്ല. എന്താണ് ഇൗ സൗന്ദര്യരഹസ്യമെന്ന് പലരും ചോദിച്ചെങ്കിലും തുറന്നുപറയാൻ വിക്ടോറിയ തയ്യാറായിരുന്നില്ല.