new-delhi

കോഴിക്കോട്: ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്ക് ദിനപരേഡിൽ കേരളത്തിന്റെ നവോത്ഥാന പ്ലോട്ടിന് പിന്നാലെ സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന്റെ ബാൻഡ് സംഘത്തിനും കേന്ദ്രസർക്കാരിന്റെ ചുവപ്പ് കൊടി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നവോത്ഥാനത്തിന്റെ പേരിൽ സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മും രാജ്യം ഭരിക്കുന്ന ബി.ജെ.പിയും കൊമ്പുകോർക്കുന്ന സമയത്താണ് കേരളം നവോത്ഥാന പ്ലോട്ട് അവതരിപ്പിക്കാൻ ശ്രമിച്ചത്. ഇത് കേന്ദ്രം തള്ളിയതിന് പിന്നാലെയാണ് ബാൻഡ് മേളത്തിൽ പങ്കെടുക്കേണ്ട സെന്റ് ജോസഫ് സ്‌കൂളിന് അവസരം നിഷേധിക്കപ്പെട്ടത്.

ഡിസംബറിൽ ഡൽഹിയിൽ നടന്ന ദേശീയ ബാൻഡ്‌മേളത്തിൽ ഒന്നാം സ്ഥാനം നേടിയതോടെയാണ് സെന്റ് ജോസഫ് സ്‌കൂളിന് റിപ്പബ്ലിക് ദിനപരേഡിൽ പങ്കെടുക്കാൻ യോഗ്യത ലഭിച്ചത്. ക്ഷണം വരാൻ വൈകിയതിനെ തുടർന്ന് സ്‌കൂൾ അധികൃതർ എസ്.എസ്.എയുമായി ബന്ധപ്പെട്ടപ്പോഴാണ് ഇത്തവണ പങ്കെടുക്കേണ്ടെന്ന് ഡൽഹിയിൽ നിന്ന് എം.എച്ച്.ആർ.ഡി അറിയിപ്പ് വന്ന കാര്യം അറിയുന്നത്. തുടർന്ന് ഇവർ വിദ്യാഭ്യാസ ഡയറക്ടർക്കും എസ്.എസ്.എ, എം.എച്ച്.ആർ.ഡി ഡയറക്ടർമാർക്കും കത്തയച്ചു. കൂടാതെ മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിനും നവേദനം നൽകി. ടെക്നിക്കൽ പ്രശ്നമാണെന്നും കഴിയാവുന്നത്ര ശ്രമിക്കാമെന്നുമായിരുന്നു അൽഫോൺസ് കണ്ണന്താനത്തിന്റെ മറുപടി. റിപ്പബ്ലിക്ക് ദിന പരിപാടിയിൽ അവതരിപ്പിക്കാൻ കേരളം നൽകിയ നവോത്ഥാനത്തിന്റെ പ്ലോട്ട് കേന്ദ്രം തള്ളിയത് വലിയ വാർത്തയായിരുന്നു.

'' റിപ്പബ്ലിക് ദിനപരിപാടിയിൽ പങ്കെടുക്കണമെങ്കിൽ ഒരുമാസം മുമ്പെങ്കിലും ഡൽഹിയലേക്ക് വിളിപ്പിച്ച് പരിശീലനം നൽകാറുണ്ട്. ഇത് അന്വേഷിച്ചപ്പോൾ ഇത്തവണ വരേണ്ടതില്ലെന്നായിരുന്നു എം.എച്ച്.ആർ.ഡിയുടെ അറിയിപ്പ്. നേരത്തെ കേരളത്തിന്റെ പ്ലോട്ടിനും കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചിരുന്നു' സുരേഷ്. പ്രോഗ്രാം ഓഫീസർ, എസ്.എസ്.എ

'' സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന് ഇത്തവണ റിപ്പബ്ലിക് ദിന പരേഡിന് പങ്കെടുക്കാനുള്ള അനുമതിയില്ല. കൂടുതൽ കാര്യങ്ങൾ പ്രതികരിക്കാനാവില്ല'


ഹസീല,
പ്രോഗ്രാം ഓഫീസർ കേരള ചാർജ്,
എം.എച്ച്.ആർ.ഡി