ബീജിംഗ്: ബാക്കിയെല്ലാ ശബ്ദവും നല്ല കലക്കനായിട്ട് കേൾക്കാം. പക്ഷേ, പുരുഷന്മാരുടെ ശബ്ദംമാത്രം കേൾക്കാനൊക്കില്ല. ചൈനക്കാരിയായ ചെൻ എന്ന യുവതിക്കാണ് ഇൗ അപൂർവരോഗം പിടിപെട്ടത്. കുറച്ചുനാൾ മുമ്പ് ഒപ്പമുണ്ടായിരുന്ന കാമുകന്റെ ശബ്ദം കേൾക്കാനാവാതെ വന്നതോടെയാണ് രോഗം തിരിച്ചറിഞ്ഞത്. ആദ്യം പ്രശ്നമാണെന്ന് തോന്നിയില്ല. ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് മറ്റുപുരുഷന്മാരുടെയും ശബ്ദംകേൾക്കാൻ കഴിയില്ലെന്ന് ചെന്നിന് മനസിലായത്. നേരെ ആശുപത്രിയിലേക്ക് പോയി. രോഗം എന്നാണെറിഞ്ഞപ്പോൾ ഡോക്ടർമാർ ഞെട്ടി.
വെറുതേ പറയുകയാണെന്നാണ് ആദ്യം കരുതിയത്. പക്ഷേ, അല്പം കഴിഞ്ഞപ്പോൾ കാര്യം പന്തിയല്ലെന്ന് വ്യക്തമായി. പരിശോധനാമുറിയിലേക്ക് കയറിവന്ന പുരുഷരോഗിയുടെ ശബ്ദം ചെൻ കേട്ടില്ല. തുടർന്ന് നടത്തിയ വിശദ പരിശോധനയിൽ റിവേഴ്സ് സ്ലോപ് ഹിയറിംഗ് എന്ന അസുഖമാണ് യുവതിക്കെന്ന് കണ്ടെത്തി.അതായത് പിച്ച് കുറഞ്ഞ ശബ്ദങ്ങൾ കേൾക്കാൻ കഴിയാത്ത അവസ്ഥ.
പുരുഷന്മാരുടെ ശബ്ദത്തിന് പൊതുവെ പിച്ച് കുറവാണ്. അതിനാലാണ് ചെന്നിന് പുരുഷശബ്ദം കേൾക്കാൻ കഴിയാത്തത്. സ്ത്രീകൾ ഉച്ചരിക്കുന്ന പിച്ച്കുറഞ്ഞ ശബ്ദങ്ങളും ഇൗരോഗം ബാധിച്ചവർക്ക് കേൾക്കാനാവില്ല. ഇൗ രോഗാവസ്ഥ അത്ര സാധാരണമല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ഒരോ 12,000 പേരിൽ ഒരാളിൽ ഇൗ അവസ്ഥ കാണുന്നുണ്ട്. ചികിത്സയിലൂടെ ഒരുപരിധിവരെ രോഗാവസ്ഥയിൽ നിന്ന് മോചനം നേടാനാവും.