v

തിരുവനന്തപുരം: ശബരിമലയിൽ പ്രവേശിച്ചുവെന്ന പേരിൽ സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച 51 പേരുടെ പട്ടികയിൽ ഗുരുതര പിഴവുകളെന്ന് റിപ്പോർട്ട്. പട്ടികയിൽ ഉൾപ്പെട്ട പലരും തങ്ങൾക്ക് അമ്പതിന് മുകളിൽ പ്രായമുണ്ടെന്ന വാദവുമായി രംഗത്തെത്തി. പട്ടികയിലെ ആദ്യ പേരുകാരിക്ക് 55 വയസുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ രേഖകളും തെളിയിക്കുന്നുണ്ട്. ഇതോടെയാണ് പട്ടിക സംബന്ധിച്ച ദുരൂഹത വർദ്ധിച്ചത്. പൊലീസിന്റെ വെർച്വൽ ക്യൂ വഴി രജിസ്‌റ്റർ ചെയ്‌തവരെന്ന് വിശദീകരിച്ചാണ് 51 പേരുടെ പട്ടിക ഇന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ചത്. തങ്ങൾക്ക് സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് ബിന്ദുവും കനകദുർഗയും സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് സർക്കാർ ഈ പട്ടിക നൽകിയത്.

ഓൺലൈൻ വഴി രജിസ്‌റ്റർ ചെയ്‌ത് ദർശനം നടത്തിയ 51 പേരുടെ പട്ടികയാണ് സംസ്ഥാന സർക്കാർ ഇന്ന് കോടതിയിൽ സമർപ്പിച്ചത്.എന്നാൽ കേരളത്തിൽ നിന്നുള്ള ആരുടെയും പേര് വിവരങ്ങൾ പട്ടികയിൽ ഇല്ലെന്നത് ശ്രദ്ധേയമാണ്. പട്ടികയിൽ ഉള്ളതിൽ ഏറെയും 40 വയസിന് മുകളിലുള്ളവരാണ്. പട്ടികയിലെ ആദ്യ പേരുകാരിയായ ആന്ധ്രാപ്രദേശ് ഗുണ്ടൂർ സ്വദേശിയായ പദ്മാവതിക്ക് 48 വയസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇവർക്ക് 55 വയസാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ രേഖകൾ തെളിയിക്കുന്നുണ്ട്.

പട്ടികയിലുള്ള പലരും തങ്ങളുടെ പ്രായം അമ്പതിന് മുകളിലാണെന്ന തരത്തിൽ വെളിപ്പെടുത്തലുകൾ നടത്തിയതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. പട്ടികയിലുള്ള ആന്ധ്രയിലെ യുവതികളെ ഡല്‍ഹിയിലുള്ള അഭിഭാഷകര്‍ ഫോണില്‍ ബന്ധപ്പെട്ട സമയത്ത് തങ്ങള്‍ ദര്‍ശനം നടത്തിയെന്നും പ്രായം 50 ന് മുകളിലാണെന്നും അഭിഭാഷകരെ അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ പട്ടികയില്‍ ഇവരുടെ പ്രായം 50 ല്‍ താഴെയാണ്. ഇതോടെ സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കാട്ടി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഒരുകൂട്ടം അഭിഭാഷകർ