തിരുവനന്തപുരം: കർണാടക സംഗീതത്തിൽ തുടർച്ചയായി 36 മണിക്കൂർ സംഗീതാർച്ചന നടത്തി പുതുചരിത്രത്തിലേക്കുള്ള കാൽവയ്‌പ്പിനൊരുങ്ങുകയാണ് തിരുവനന്തപുരം സ്വദേശിനിയും സംഗീത അദ്ധ്യാപികയുമായ സജ്‌ന വിനിഷ്. സൂര്യാ ഫെസ്‌റ്റിവലിന്റെ സമാപനദിനത്തിലാണ് സൂര്യകൃഷ്‌ണമൂർത്തിയുടെ ഈ പ്രിയപ്പെട്ട ശിഷ്യയുടെ ഗാനാർച്ചന. ജനുവരി 21 തിങ്കളാഴ്‌ച പുലർച്ചെ മൂന്ന് മണിക്കാണ് ലോകറെക്കാഡ് ലക്ഷ്യമിട്ടുകൊണ്ടുള്ള കച്ചേരി ആരംഭിക്കുന്നത്. തന്റെ ഉദ്യമത്തിന്റെ പ്രാധാന്യമെന്തെന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ടുതന്നെ മണിക്കൂറുകൾ നീണ്ട പരിശീലനത്തിലാണ് സജ്‌ന. അതിനിടയിൽ കേരളകൗമുദി ഓൺലൈനുമായി അൽപനേരം-
ചരിത്രത്തിന്റെ ഭാഗമാകാൻ ഒരുങ്ങുകയാണ്
36 മണിക്കൂർ നിലവിൽ റെക്കാഡുണ്ട്. അതിൽ നിന്നും അഞ്ചോ ആറോ മണിക്കൂർ മുന്നോട്ടു പോകണമെന്നാണ് ഉദ്ദേശിക്കുന്നത്. എല്ലാം ഒരു ശ്രമമാണ്. ശബ്‌ദമടക്കം എല്ലാഘടകങ്ങളും ഒരുപോലെ വന്നാൽ മാത്രമെ അതിന് സാധിക്കുകയുള്ളു. അതിലേക്കുള്ള തയ്യാറെടുപ്പിലാണ്. രണ്ട് മണിക്കൂർ വീതം ദൈർഘ്യമുള്ള 18 കച്ചേരികളാണ് അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിൽ 200 മുതൽ 250 കൃതികൾ വരെ ഉൾപ്പെടുന്നുണ്ട്.
സംഗീതത്തിലേക്കുള്ള വഴി
ക്ളാസിക്കൽ ഡാൻസാണ് ആദ്യം പഠിക്കുന്നത്. മൈഥിലി ടീച്ചറുടെ കീഴിലായിരുന്നു നൃത്തം അഭ്യസിച്ചത്. പിന്നീടാണ് സംഗീതത്തിലേക്ക് തിരിയുന്നത്. ഡോ.ഓമനക്കുട്ടി ടീച്ചർ, പ്രൊഫ.വെങ്കട്ടരാമൻ സർ എന്നിവരുടെ കീഴിലായിരുന്നു ശിക്ഷണം.ഓമനക്കുട്ടി ടീച്ചറുടെ കീഴിൽ ഇപ്പോഴും പഠിക്കുന്നു.
സൂര്യകൃഷ്‌ണമൂർത്തിയ്‌ക്കൊപ്പം
എന്റെ മുത്തച്ഛൻ വഴിയാണ് മൂർത്തി സാറുമായുള്ള ബന്ധം ആരംഭിക്കുന്നത്. അദ്ദേഹം സൂര്യയുടെ അനൗൺസറായിരുന്നു. ഒരു ഇവന്റുമായി ബന്ധപ്പെട്ട് ആങ്കറിംഗിന് പോയിട്ടുണ്ടായിരുന്നു. ആ സമയം മുതൽ സൂര്യയുടെ പ്രധാന വേദികളിലെല്ലാം ആങ്കറിംഗ് ചെയ്യുന്നു.
ബാലഭാസ്‌കറിനുള്ള സമർപ്പണം എന്ന നിലയിൽ കൂടിയാണ് ഈ സംഗീതാർച്ച എന്നറിഞ്ഞു
ബാലുച്ചേട്ടൻ മൈക്ക് എടുത്തുതന്നിട്ടാണ് ഞാൻ പാടാൻ ആരംഭിക്കുന്നത്. ആദ്യമായി മൈക്ക് പിടിച്ചു പാടുന്നത് അങ്ങനെയാണ്. മാത്രമല്ല ലക്ഷ്‌മി ചേച്ചിയുമായും വ്യക്തിപരമായി വളരെ അടുപ്പമാണുള്ളത്. ഇതിലെല്ലാമുപരി അദ്ദേഹം എനിക്ക് എപ്പോഴും പ്രചോദനമായിരുന്നു. ഇപ്പോഴുമാണ്. അതുകൊണ്ടുതന്നെ ഇതൊരു സമർപ്പണമാണ്.
കുടുംബത്തിന്റെ പിന്തുണ
സംശയമില്ല കുടുംബത്തിൽ നിന്നു തന്നെയാണ് ഏറ്റവുമധികം പിന്തുണ ലഭിക്കുന്നത്. ചെറുപ്രായത്തിൽ തന്നെ സംഗീതവും നൃത്തവും പഠിക്കാൻ അച്ഛനും അമ്മയും ധാരാളം പ്രോത്സാഹാനം തന്നിരുന്നു. അതുകൊണ്ടു മാത്രമാണ് ഇങ്ങനെ ഒരു വേദിയിൽ എത്തിനിൽക്കാൻ കഴിയുന്നത്. ഭർത്താവ് വിനിഷ് ദുബായിൽ സിവിൽ എഞ്ചിനീയറാണ്. മകൻ രാഘവ് മൂന്നാം ക്ളാസ് വിദ്യാർത്ഥിയാണ്.