കൊല്ലം: ശബരിമല വിഷയം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പ്രധാന പ്രചാരണ വിഷയമായി ഉയരുമെന്ന് ഉറപ്പായിരിക്കെ കൊല്ലത്തും പത്തനംതിട്ടയിലും ഇതര മേഖലകളിൽ പ്രശസ്തരായ വ്യക്തികളെ സ്ഥാനാർത്ഥികളാക്കി പോരാട്ടം കടുപ്പിക്കാൻ സി.പി.എം ആലോചിക്കുന്നതായി സൂചന. ഇക്കാര്യം നേതാക്കൾ സ്ഥിരീകരിക്കുന്നില്ലെങ്കിലും അണിയറയിൽ ചർച്ചകൾ നടക്കുന്നുവെന്നാണ് വിവരം. ശബരിമല വികാരം വോട്ടാക്കി മാറ്റാൻ ബി.ജെ.പിയും കോൺഗ്രസും ശ്രമിക്കുമ്പോൾ അതിനൊത്ത സ്ഥാനാർത്ഥികളെയാണ് സി.പി.എം തേടുന്നതത്രേ.
ശബരിമല വിഷയത്തിൽ സി.പി.എം- എൻ.എസ്.എസ് നേതൃത്വങ്ങൾ കൊമ്പുകോർത്തത് വലിയ ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു. എന്നാൽ, ഇത് തിരഞ്ഞെടുപ്പിനെ ബാധിക്കാത്ത രീതിയിലുള്ള സ്ഥാനാർത്ഥി നിർണയമാണ് സി.പി.എം ഈ ജില്ലകളിൽ ലക്ഷ്യമിടുന്നതെന്നാണ് അറിയുന്നത്.
കൊല്ലത്ത് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ. ബാലഗോപാലിന്റെ പേരാണ് സ്ഥാനാർത്ഥിയായി ഉയർന്നുകേൾക്കുന്നത്. എന്നാൽ, അപ്രതീക്ഷിതമായി മറ്റു ചിലരെയും പരിഗണിച്ചേക്കാമെന്ന സൂചനകളാണ് പുറത്തുവരുന്നത്. അതേസമയം, ശക്തമായ രാഷ്ട്രീയ മത്സരം നടക്കുന്ന കൊല്ലത്ത് പാർട്ടി സ്ഥാനാർത്ഥിതന്നെ മതിയെന്ന അഭിപ്രായവും സി.പി.എം ജില്ലാ ഘടകത്തിൽ ഉയരുന്നുണ്ട്. കൊല്ലം ലോക്‌സഭാ മണ്ഡലം ഉൾക്കൊള്ളുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിലും എൽ.ഡി.എഫ് ജയിച്ച സാഹചര്യവും അതിൽ രണ്ടിടത്ത് മന്ത്രിമാരും ഉള്ളതിനാൽ ഇക്കുറി വിജയിച്ച് കയറാമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം.
ശബരിമല വിഷയം കത്തി നിന്ന ജില്ല എന്ന നിലയിൽ പത്തനംതിട്ടയിൽ അഭിമാന പോരാട്ടമാണ് സി.പി.എം ലക്ഷ്യമിടുന്നത്. അതിന് പറ്റിയ കരുത്തനായ സ്ഥാനാർത്ഥിയെയാകും ഇക്കുറി രംഗത്തിറക്കുക. കോൺഗ്രസ് വിട്ടുവന്ന പീലിപ്പോസ് തോമസിനെയാണ് കഴിഞ്ഞ തവണ സ്ഥാനാർത്ഥിയാക്കിയത്. പത്തനംതിട്ടയിൽ തന്ത്രി കുടുംബാംഗത്തെ രംഗത്തിറക്കി പോരാട്ടം കടുപ്പിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുണ്ടെന്ന സൂചനയുണ്ട്. കോൺഗ്രസിൽ നിന്ന് സിറ്റിംഗ് എം.പി ആന്റോ ആന്റണി വീണ്ടും മത്സരിക്കുമെന്നാണ് കേൾക്കുന്നത്. അങ്ങനെയെങ്കിൽ ത്രികോണ മത്സരത്തിനാകും പത്തനംതിട്ടയിൽ ഇക്കുറി കളമൊരുങ്ങുക.