തൂക്കിനോക്കിയും നിരീക്ഷണത്തിലൂടെയും ഭാരം അളക്കാനുള്ള കഴിവ് മനുഷ്യന് മാത്രമല്ല ഉള്ളത്. കാക്കകൾക്കുമുണ്ട്. അതേ, പറമ്പിലും പാടത്തുമൊക്കെ കൊത്തിപ്പെറുക്കി നടക്കണ കാക്ക തന്നെ...
ന്യൂ കാലെഡോണിയൻ വിഭാഗത്തിൽ പെട്ട കാക്കകളിലാണ് ഈ സവിശേഷ കഴിവ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. മനുഷ്യനെക്കൂടാതെ മറ്റൊരു ജീവിക്കും ഭാരം അളക്കാൻ കഴിയുമെന്നു തിരിച്ചറിയുന്നത് ഇതാദ്യമായാണ്. ഒരു വസ്തു അനങ്ങുന്നതു കണ്ടാണത്രെ കാക്ക അതിന്റെ ഭാരം തീരുമാനിക്കുക.
മുമ്പ് ചിമ്പാൻസികളിൽ ഭാരം തിരിച്ചറിയാൻ സാധിക്കുമോ എന്ന് മനസിലാക്കാനുള്ള പരീക്ഷണങ്ങൾ ഗവേഷകർ നടത്തിയിരുന്നെങ്കിലും ഇവയ്ക്ക് ഒരിക്കൽ കൈകാര്യം ചെയ്ത വസ്തുവിനെ അതിന്റെ ഭാരം കൊണ്ടു തിരിച്ചറിയാൻ സാധിക്കുമെങ്കിലും നിരീക്ഷണത്തിലൂടെ ഭാരം മനസിലാക്കാനുള്ള കഴിവില്ലെന്നായിരുന്നു കണ്ടെത്തൽ.
വനത്തിൽ നിന്നു പിടികൂടിയ 12 കാക്കകളിലാണ് ഭാരം മനസിലാക്കാനുള്ള കഴിവിനേക്കുറിച്ചു ഗവേഷകർ പഠനം നടത്തിയത്. ഉപകരണങ്ങളുപയോഗിച്ച് ഭക്ഷണം എടുക്കാൻ കാക്കയ്ക്ക് കഴിയുമെന്ന് നേരത്തെ കണ്ടെത്തലുകളുണ്ടായിരുന്നു.