ശബരിമല : സർക്കാരിന്റെ നിലപാടുകൾ കാരണം ശബരിമല വരുമാനത്തിലുണ്ടായ കുറവ് നികത്താൻ 180 കോടി രൂപ ദേവസ്വം ബോർഡിന് സർക്കാർ അനുവദിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്‌ളോയീസ് ഫ്രണ്ട് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ശബരിമലയിലെ വരുമാനമാണ് ദേവസ്വം ബോർഡിന്റെ പ്രധാന ധനാഗമമാർഗം. കഴിഞ്ഞ സീസൺ വരെയും ഹൈക്കോടതിയുടേയും ശബരിമല സ്‌പെഷ്യൽ കമ്മിഷണറുടേയും നിയന്ത്രണത്തിലാണ് തീർത്ഥാടനകാലം കടന്നുപോയത്. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ദേവസ്വം ബോർഡിനും തന്ത്രിക്കും കൂച്ചുവിലങ്ങിട്ട സർക്കാർ നടപടികളാണ് തീർത്ഥാടനകാലം ഇത്രയും അലങ്കോലമായത്. ഭണ്ഡാരത്തിൽ ജോലിയെടുക്കുന്നവരുടെ തുണിഅഴിച്ചുള്ള പ്രാകൃതപരിശോധന അവസാനിപ്പിക്കാനും ദേവസ്വം ബോർഡിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനും നവോത്ഥാനം നടപ്പിലാക്കുന്നവർ ശ്രമിക്കണം. ആചാര സംരക്ഷണത്തിന്റെ പേരിൽ ശബരിമലയിൽ ശരണം വിളിച്ച ദേവസ്വം ജീവനക്കാരൻ പുഷ്പരാജിന്റെ സസ്പൻഷൻ പിൻവലിക്കണമെന്നും എംപ്‌ളോയീസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ജി. ശ്രീകുമാർ, വൈസ് പ്രസിഡന്റ് പാലാ ശങ്കരൻകുട്ടി, ജോയിന്റ് സെക്രട്ടറി ജനാർദനപുരം മണികണ്ഠൻ എന്നിവർ ആവശ്യപ്പെട്ടു.