പാമ്പിനേക്കാൾ വലിയ പഴുതാരയെ കാണണമെങ്കിൽ പെറുവിലെത്തണം. നമ്മൾ കണ്ടിട്ടുള്ളതുപോലെ വെറും മൂന്ന് സെന്റിമീറ്ററൊക്കെ വലിപ്പംവരുന്ന പഴുതാരകളല്ല, 30 സെന്റിമീറ്ററിലധികം നീളംവരുന്ന പഴതാരകളുണ്ട് പെറുവിൽ.
ആമസോണിയൻ സെന്റിപീഡ് അല്ലെങ്കിൽ പെറുവിയൻ സെന്റിപീഡ് എന്നറിയപ്പെടുന്ന ഈ പെറൂവിയൻ പഴുതാരകൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ പഴുതാരവർഗമാണ്. രൂപത്തിലും നിറത്തിലുമൊക്കെ ഇവ എല്ലാ പഴുതാരകളെയും പോലെയാണെങ്കിലും വിഷത്തിന്റെ കാര്യത്തിൽ ഇവർ കേമന്മാർ തന്നെ. ഒരു മനുഷ്യജീവനെടുക്കാൻ തക്ക വിഷമുണ്ടാകും ഇവയ്ക്ക്.
ചിലയിനം പാമ്പുകളും പല്ലികളും ചിലന്തികളുമൊക്കെയാണ് ഈ ഭീമൻ പഴുതാരകളുടെ ഇഷ്ടവിഭവങ്ങൾ. പെറുവിൽ മാത്രമാണ് ഇവ കാണപ്പെടുന്നതെങ്കിലും ചൈന ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഇവയെ ഓമനിച്ചു വളർത്തുന്നവരുമുണ്ട്. ഏകദേശം 300 ഡോളർ വരെയാണ് രാജ്യാന്തര വിപണിയിൽ ഈ പഴുതാരകളുടെ വില. അതേസമയം, തായ്വാനിലെ വിദ്യാർത്ഥിയായ നിയോ ചെങ് ജിയുടെ കയ്യിലാണ് നിലവിൽ ഏറ്റവും വലിയ പെറുവീയൻ പഴുതാരയുള്ളത്. 42 സെന്റിമീറ്ററാണ് ഇതിന്റെ നീളം. 2014 ലാണ് ഈ പഴുതാരയെ നിയോ ചെങ് വാങ്ങുന്നത്.