ആദ്യം 'പ്രേമ'ത്തിൽ കോമഡി താരമായി വന്നു, പിന്നെ 'വരത്ത'നിൽ വില്ലനുമായ ഷറഫുദ്ധീൻ നായകനായ സിനിമയാണ് എ.കെ.സാജൻ സംവിധാനം ചെയ്ത 'നീയും ഞാനും'. സിനിമയുടെ പേര് സൂചിപ്പിക്കും പോലെ തന്നെ പ്രണയമാണ് ഇതിവൃത്തം. അധികവും ക്രൈം ത്രില്ലർ സിനിമകൾ ചെയ്തിട്ടുള്ള എ.കെ. സാജൻ പ്രണയത്തിൽ തുടങ്ങുന്ന ഈ സിനിമയെ ഒടുവിൽ ത്രില്ലറിൽ എത്തിക്കുന്നുണ്ട്. അത് സിനിമയ്ക്കു ഗുണത്തേക്കാൾ ദോഷമാണ് ചെയ്തത്. ആദ്യ പകുതിയുടെ ഏറെ പങ്കും നായികയായ അനു സിത്താരയുടെ ഹാഷ്മി എന്ന കഥാപാത്രവും ഷറഫുദ്ധീനിന്റെ യാക്കൂബും തമ്മിലുള്ള പ്രണയവും അവരുടെ ജീവിതവുമാണ്. രണ്ടാം പകുതിയോടെ ട്രാക്ക് പാടേ മാറുന്ന സിനിമ രണ്ട് പകുതികളുടെ ഒരു തുന്നിക്കെട്ടൽ ശ്രമമാണ്. ഇത് കഥയുടെ ഒഴുക്കിനെയും സിനിമാ അനുഭവത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് ഹാഷ്‌മി. സംഗീതജ്ഞയാകാൻ കഴിഞ്ഞില്ല എങ്കിലും സംഗീതത്തോട് ബന്ധമുള്ള ജോലി ചെയ്യാനുള്ള ആഗ്രഹം കൊണ്ട് മാത്രം ഒരു സംഗീതോപകരണ കടയിൽ അവൾ ജോലി ചെയ്യുന്നു. പൊടുന്നനെയാണ് ഒരു പൂവാലന്റെ രൂപത്തിൽ യാക്കൂബിന്റെ കടന്നു വരവ്. വിവാഹാഭ്യർത്ഥന വീട് വരെ എത്തിയെങ്കിലും താൻ മുൻപ് മറ്റൊരാളെ സ്നേഹിച്ചിരുന്നു എന്ന് പറഞ്ഞു ഹാഷ്മി യാക്കൂബിനെ നിരസിക്കുന്നു. പക്ഷെ താൻ എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണെന്ന് പറയുന്ന യാക്കൂബിന്റെ പ്രണയത്തിനു മുന്നിൽ അവൾ സമ്മതം മൂളുന്നു. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചാണ് യാക്കൂബ് ഹാഷ്‌മിയെ നിക്കാഹ് കഴിക്കുന്നത്. അവൾക്ക് ഇഷ്ടമല്ല എന്ന കാരണത്താൽ ഉണ്ടായിരുന്ന പൊലീസ് ജോലിയും യാക്കൂബ് കളഞ്ഞിരുന്നു. ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതോടെ ഇരുവരുടെയും ജീവിതത്തിൽ പ്രാരാബ്ധങ്ങളും വന്നു. ജീവിതം നല്ല നിലയ്ക്ക് എത്തിക്കാൻ യാക്കൂബ് തൻ്റെ ബന്ധുവിന്റെ സഹായത്തോടെ ജോലി തേടി ഗൾഫിൽ പോകുന്നു. എന്നാൽ അവിടെ പല പ്രശ്നങ്ങളിലും പെട്ട് അയാൾ കുടുങ്ങുന്നു. അതേസമയം നാട്ടിൽ ഹാഷ്‌മി യാക്കൂബിന്റെ അടുത്ത് എത്താൻ ഉള്ള തത്രപ്പാടിലാണ്. ആദ്യ പകുതി അവസാനിക്കുന്നത് ഒരു പുതിയ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ്. രണ്ടാം പകുതി ആദ്യ പകുതിയുമായി ഒരു ബന്ധവുമില്ലാത്ത പോക്കാണ്. കപട സദാചാരത്തിനും ഇപ്പോൾ നില നിൽക്കുന്ന രാഷ്ട്രീയ സാമൂഹിക അഴിഞ്ഞാട്ടത്തിനും എതിരെയുള്ള ആക്ഷേപമാണ് ബാക്കി കഥ. സിനിമ പറയാൻ ഉദ്ദേശിച്ചത് വാസ്തവം ആണെങ്കിൽ കൂടി അത് പ്രേക്ഷകരുടെ സിനിമാ അനുഭവത്തെ മുറിച്ചു രണ്ടാക്കുന്ന പോലെ ആയിരുന്നു. ചുരുക്കി പറഞ്ഞാൽ പ്രണയ സിനിമ എന്ന നിലയിലോ ഒരു സാമൂഹിക ആക്ഷേപഹാസ്യം എന്ന നിലയിലോ 'നീയും ഞാനും' പൂർണമല്ല.
ഷറഫുദ്ധീൻ തന്റെ ആദ്യ നായക കഥാപാത്രം നന്നായി തന്നെ ചെയ്തിട്ടുണ്ട്. നായകനേക്കാൾ സ്ക്രീൻ സ്പേസ് നായികയായ അനു സിത്താരയ്ക്ക് ഉണ്ട്. അവരത് നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണൻ, സിജു വിൽസൺ ,ദിലീഷ് പോത്തൻ തുടങ്ങിയവർ പടത്തിന്റെ പ്രധാന പോസിറ്റീവ്‌സ് ആണെന്ന് തന്നെ പറയാം.
വിനു തോമസ് ഈണം നൽകിയ ഗാനങ്ങൾ ഇമ്പമുള്ളവയാണ്. ക്ലിന്റോ ആന്റണിയുടെ ഛായാഗ്രഹണം വലിയ ഏച്ചുക്കെട്ടുകൾ ഇല്ലാതെ സിനിമയുടെ പശ്ചാത്തലത്തിന് ഉതകുന്നതായിരുന്നു.
സംവിധായകൻ എ.കെ. സാജനിൽ അധികമാരും പ്രതീക്ഷിക്കാത്ത ഒരു സിനിമയാണ് 'നീയും ഞാനും'. ക്രൈം ത്രില്ലറുകളാണ് അദ്ദേഹം കൂടുതലും സംവിധാനം ചെയ്തിട്ടുള്ളത്. താൻ ചെയ്ത ത്രില്ലർ സിനിമകളുടെ ഒരു പ്രഭാവം ആയിരിക്കാം പ്രണയം ഇതിവൃത്തം ആയ ഈ സിനിമയിലും അത്തരം ഒരു ട്രാക്കിലേക്ക് മാറാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. എന്നാൽ ആക്ഷേപഹാസ്യത്തിൽ ത്രില്ലർ കലർത്താനുള്ള ശ്രമം എങ്ങുമെത്തിയില്ല. നല്ല രീതിയിൽ തന്നെയാണ് 'നീയും ഞാനും' തുടങ്ങിയത്. നർമ്മത്തിലൂടെയും ചില നല്ല നിമിഷങ്ങൾ വഴിയും ആദ്യമൊക്കെ രസിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ സിനിമയിൽ അധികവും ആലസ്യപ്പെടുത്തുന്ന കഥ പറച്ചിലാണ്. സിനിമ അവസാനിക്കുമ്പോൾ കഴിയാവുന്ന വിധം നന്നാക്കാൻ സംവിധായകൻ നടത്തിയ ശ്രമം വ്യക്തമാണ്. പക്ഷെ അപ്പോഴേക്കും അലോസരപ്പെട്ട പ്രേക്ഷകന് മതിപ്പ് നഷ്ടപ്പെട്ടു കാണും.
നല്ലൊരു പ്രണയ സിനിമ പ്രതീക്ഷിച്ചു പോകുന്നയാൾക്ക് 'നീയും ഞാനും' സംതൃപ്തി നൽകാനിടയില്ല. മുൻ വിധികൾ ഇല്ലാതെ കണ്ടാലും ശരാശരി അനുഭവമാണ് ഈ സിനിമ.
വാൽക്കഷണം: പ്രണയം അസ്ഥിക്ക് പിടിച്ചില്ല
റേറ്റിംഗ്: 2/5